പത്തനംതിട്ട: ശബരിമല മണ്ഡലപൂജയോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍. ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടകര്‍ക്ക് പരാതിയില്ലാത്ത രീതിയില്‍ തിരക്കും വാഹനങ്ങളും നിയന്ത്രിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ ഭക്തരെ ബുദ്ധിമുട്ടില്ലാതെ പമ്പയില്‍ എത്തിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരോട് നിര്‍ദേശിച്ചു. ശബരിമലയിലേയ്ക്കുള്ള ശര്‍ക്കര ലോറികളില്‍ നിന്നും സാമ്പിളുകള്‍ ഇനിമുതല്‍ ചാലക്കയത്തുനിന്നാവും ശേഖരിക്കുക. സാമ്പിള്‍ ശേഖരണത്തിനും മറ്റുമായി ലോറികള്‍ പമ്പയില്‍ നിര്‍ത്തിയിടുന്നതുമൂലം തടസമുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് തീരുമാനം. മരക്കൂട്ടത്തെ ക്യൂ കോംപ്ലക്സുകള്‍ പരമാവധി ഉപയോഗിക്കാനും ഇവിടെ തീര്‍ഥാടകര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കാനും ആവശ്യങ്ങള്‍ അധികാരികളെ അറിയിക്കാനുമുള്ള പ്രായോഗിക സംവിധാനങ്ങളെകുറിച്ച് ആലോചിക്കാനും യോഗത്തില്‍ തീരുമാനമായി. അടുത്ത തീര്‍ഥാടനകാലത്തിനു മുമ്പായി ട്രാക്ടറുകളെ ഒഴിവാക്കി ആചാരങ്ങള്‍ പാലിച്ച് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു.
അവലോകന യോഗത്തില്‍ രാജു എബ്രാഹം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, പൊതുഭരണ വകുപ്പ്-ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്, ജില്ലാകളക്ടര്‍ എസ്. ഹരികിഷോര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post