ഭാരതീയ ജനതാപാര്‍ട്ടി അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ ഒരു മണിക്കൂറിലേറെ നീണ്ട മുഖാമുഖം പരിപാടിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും വളരെ വ്യക്തവും നിലപാടിലുറച്ചതുമായ മറുപടികളാണ് നല്‍കിയത്. എന്നാല്‍ അദ്ദേഹം കേരളീയ നവോത്ഥാനത്തിലെ അതിപ്രധാനമായ ചില വസ്തുതകളെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളെല്ലാം മനപൂര്‍വ്വം തിരസ്‌ക്കരിക്കുകയും അതേസമയം പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന നിലയില്‍ ഒരു പത്രം പ്രചരിപ്പിക്കുകയുമായിരുന്നു. ഇതിനെ ഏറ്റുപിടിച്ചുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖരും മുഖ്യമന്ത്രിയും രംഗത്തെത്തി.
പൂജാ പഠനം നടത്തിയവര്‍ക്ക് ജാതി നോക്കാതെ ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ അവസരം നല്‍കണമെന്ന കാര്യം കുമ്മനം അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് 1985ല്‍ നടന്ന പാലിയം വിളംബരത്തിനു പിന്നിലെ പ്രേരകശക്തികളില്‍ ഒരാള്‍ കുമ്മനം തന്നെയായിരുന്നു. ജന്മംകൊണ്ടല്ല ഒരാള്‍ ബ്രാഹ്മണ്യത്തിന് ഉടമയാകുന്നതെന്നും മറിച്ച് കര്‍മ്മം കൊണ്ടാണെന്നുമുള്ള പാലിയം വിളംബരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്രാഹ്മണര്‍ക്ക് പൂജ ചെയ്യാന്‍ അധികാരമുണ്ടെന്ന് മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം മിക്കവാറും മാധ്യമങ്ങള്‍ തിരസ്‌ക്കരിക്കുകയായിരുന്നു. അതേസമയം പറയാത്ത കാര്യത്തെ പറഞ്ഞെന്നു വരുത്തി വിവാദം സൃഷ്ടിക്കുകയായിരുന്നു ഒരു പത്രം.
ക്ഷേത്രങ്ങള്‍ക്കു ചുറ്റും വ്യാപാരം നടത്തുന്ന ക്രിസ്ത്യന്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെ ഒഴിപ്പിക്കണമെന്ന് കുമ്മനം പറഞ്ഞതായാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്ത.് എന്നാല്‍ കുമ്മനം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതാണ് ‘ഓരോ പ്രദേശത്തെയും ആരാധനാലയങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശവാസികള്‍ ആരാണോ അവര്‍ക്കാണ് വ്യാപാരം ചെയ്യാന്‍ അനുവാദം നല്‍കേണ്ടത്.’ ഇതില്‍ ഹിന്ദു മുസ്ലീം ക്രൈസ്തവ വ്യത്യാസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുപോലുമില്ല. ഇതിനെ ആ പത്രം തെറ്റായിട്ട് വ്യാഖ്യാനിക്കുകയായിരുന്നു.
ഒരു പത്രത്തിന്റെ മാത്രം റിപ്പോര്‍ട്ടിനെ ആധാരമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധീരനും മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. ഇക്കാര്യത്തില്‍ കുമ്മനത്തിന്റെ നിഷേധം പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കുമ്മനം അങ്ങനെ പറഞ്ഞില്ലെങ്കില്‍ തനിക്ക് സന്തോഷം എന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടിയേരിയോ പിണറായി വിജയനോ വി.എം. സുധീരനോ കുമ്മനത്തിന്റെ നിഷേധ പ്രസ്താവനയെ മുഖ്യവിലയ്‌ക്കെടുത്തുകൊണ്ട് തിരുത്താന്‍ തയ്യാറായില്ല. ഇത്തരത്തില്‍ പറയാത്ത കാര്യങ്ങളെ പറഞ്ഞെന്നു വരുത്തിത്തീര്‍ക്കുന്ന മാധ്യമ സംസ്‌കാരം പ്രബുദ്ധമെന്നു പറയപ്പെടുന്ന കേരളത്തിന് നല്ലതാണോയെന്ന് എല്ലാവരും ചിന്തിക്കണം. ആടിനെ പട്ടി മാത്രമല്ല പേപ്പട്ടിയുമാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്ന ഒരവസ്ഥ സത്യത്തെ കുഴിച്ചുമൂടലാകും. ഇത് ആത്യന്തികമായി ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയാകും ഇളക്കുക. ഇക്കാര്യത്തില്‍ ജനങ്ങളാണ് കൂടുതല്‍ കരുതലോടെ നീങ്ങേണ്ടത്.
Discussion about this post