തിരുവനന്തപുരം: സാര്‍ക് രാജ്യങ്ങളിലെ സാധാരണ ധാന്യവിള വകഭേദങ്ങള്‍ തിട്ടപ്പെടുത്തുന്നതിനും സാര്‍ക് വിത്ത് ബാങ്കിലേക്ക് ഇവയുടെ ആവശ്യകതയും വിതരണവും വിലയിരുത്തുന്നതിനുമുള്ള പ്രാദേശിക വിദഗ്ധ സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.
സാര്‍ക്ക് വിത്ത് ബാങ്കിലേക്കായി സാര്‍ക്ക് രാജ്യങ്ങളില്‍ കൃഷി ചെയ്യുന്ന സുലഭമായ ധാന്യവിള വകഭേദങ്ങള്‍ കണ്ടെത്തുകയാണ് യോഗത്തിന്റെ മുന്‍ഗണനാ വിഷയമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സാര്‍ക്ക് അഗ്രികള്‍ച്ചര്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ. തയാന്‍ രാജ് ഗുരുംഗ് പറഞ്ഞു. ഇതിലൂടെ രാജ്യങ്ങളുടെ വിത്ത് സുരക്ഷയ്ക്കായി പ്രാദേശിക സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. അംഗരാജ്യങ്ങള്‍ക്കായി പ്രാദേശിക വിത്ത് സുരക്ഷാ ശേഖരമായി പ്രവര്‍ത്തിക്കാനും വിത്ത് പുനസ്ഥാപന തോത് വര്‍ദ്ധിപ്പിക്കാനും വിത്ത് ബാങ്കിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ഈ സഹകരണം നെല്ല്, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയിലാണ് ഉണ്ടാവുക. സ്വയംപര്യാപ്തതയ്ക്കായി സാര്‍ക്ക് രാജ്യങ്ങള്‍ ഇതിലൂടെ ഒരുമിച്ച് ചേരുകയാണ്. ഭക്ഷ്യ സുരക്ഷയ്ക്കുള്ള വലിയ വെല്ലുവിളി പ്രകൃതിദുരന്തങ്ങളും അതിന്റെ ഭാഗമായുണ്ടാകുന്ന നാശനഷ്ടങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന്റെ അടുത്ത ഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളി എല്ലാവര്‍ക്കും പോഷകഹാരവും, സൂക്ഷ്മപോഷണങ്ങളും, മാംസ്യവും ലഭ്യമാക്കുക എന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച ഐ.സി.എ.ആര്‍. സീഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.എസ്.രാജേന്ദ്രപ്രസാദ് പറഞ്ഞു. ഇതിന് പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ വ്യാപനം വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനൊപ്പം വിളവ് നശിച്ചുപോകുന്നതിന്റെ തോത് ഇപ്പോഴത്തെ 20-25 ശതമാനത്തില്‍ നിന്നും കുറച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാര്‍ക് അഗ്രികള്‍ച്ചര്‍ സെന്റര്‍, ബംഗ്ലാദേശ് ഡയറക്ടറേറ്റ് ഓഫ് സീഡ് റിസര്‍ച്ച്, ഐ.സി.എ.ആര്‍, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ യോഗത്തില്‍ ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post