ഇപ്പോഴത്തെ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കുട്ടികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് തലക്കെട്ടായി ഉദ്ധരിച്ചത്. വയലിനെക്കുറിച്ചുമാത്രമല്ല നെല്ല് എങ്ങനെ വിളയുന്നു എന്ന് പോലും അറിയാന്‍ കഴിയാത്ത ഒരു തലമുറയെ കുറിച്ച് നമുക്ക് അത്ഭുതത്തോടും സങ്കടത്തോടും മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.
സംസ്ഥാനത്തെ ഭൂരിപക്ഷം ഭക്ഷ്യവസ്തുക്കളും അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ലുപോലും ഇവിടത്തെ ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ അളവാണ്. കേരളം പുരോഗതിയുടെ പാതയിലേക്ക് നീങ്ങിയപ്പോള്‍ കൃഷിചെയ്യാന്‍ ആളെ കിട്ടാതെവന്നു. മാത്രമല്ല നെല്‍കൃഷി ലാഭകരമല്ലാതാകുകയും ചെയ്തു. ഇതോടെ പലരും വയലുകള്‍ നികത്തി നാണ്യവിളകള്‍ കൃഷിചെയ്യാന്‍തുടങ്ങി. എന്നാല്‍ വാഴയും പച്ചക്കറിയുമൊക്കെ ചില സ്ഥലങ്ങളില്‍ കൃഷിചെയ്യുന്നുമുണ്ട്. ഈ കാലത്ത് കരഭൂമിയ്ക്ക് സെന്റിന് ആയിരങ്ങളില്‍നിന്ന് ലക്ഷങ്ങളായി വില ഉയര്‍ന്നപ്പോള്‍ വന്‍കിട ഭൂമാഫിയ വ്യാപകമായി വയലുകള്‍ നികത്തി തടിച്ചുകൊഴുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ, നിയമം കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമം ശക്തമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. പിന്നെയും വയല്‍നികത്തല്‍ യഥേഷ്ടം തുടര്‍ന്നു. ഇപ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് നിയമവിരുദ്ധമായി നികത്തിയ വയലുകള്‍ക്ക് നിയമപ്രാബല്യം നല്‍കുവാനാണ്. ഭേദഗതി നിയമം സബ്ജക്ട് കമ്മറ്റിയില്‍ കൊണ്ടുവന്നില്ലെന്നുമാത്രമല്ല ജനപ്രതിനിധികളോടുപോലും ആലോചിക്കാതെയാണ് ഭേദഗതിനിയമം പാസാക്കിയത്.
മറ്റു ഭൂമിയൊന്നുമില്ലാത്തവര്‍ക്ക് വീടുവയ്ക്കാന്‍ വയല്‍നികത്തുന്നതിന് ന്യായീകരണം ഉണ്ട്. അതിന് നിയമപരിരക്ഷ നല്‍കുകയും വേണം. എന്നാല്‍ ഇതിന്റെ മറവില്‍ ലക്ഷക്കണക്കിന് ഏക്കര്‍ വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയതിന് നിയമപ്രാബല്യം നല്‍കിയാല്‍ കേരളത്തിലെ പരിസ്ഥിതിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയായിരിക്കും ഇതിന്റെ ഫലം. മാത്രമല്ല ഭൂമാഫിയയ്ക്ക് ഇനിയും വയല്‍നികത്തുന്നതിന് തെറ്റായ സന്ദേശമാകും ഇതിലൂടെ ലഭിക്കുക.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി മറ്റൊരു തെറ്റായ സൂചനകൂടി നല്‍കുകയാണ്. ആദ്യം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും പിന്നീട് സര്‍ക്കാറിനെ സ്വാധീനിച്ച് അതിന് നിയമപരമായി അംഗീകാരം വാങ്ങുകയും ചെയ്യുക. ഇത് നിയമത്തെ നോക്കുകുത്തിയാക്കുക മാത്രമല്ല ഈ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകകൂടിയാണ്. നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തതിനെതിരെ ഭരണപക്ഷത്തെ എം.എല്‍.എമാര്‍ക്കുപോലും എതിര്‍പ്പുണ്ട്. ഭരണം അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍മാത്രം ശേഷിക്കേ ഇത്തരമൊരു വിനാശകരമായ നടപടിക്ക് മുതിര്‍ന്നത് സര്‍ക്കാരിന് തീരാകളങ്കമാണ്.
കേരളത്തെ കൂടുതല്‍ പരിസ്ഥിതി നാശത്തിലേക്ക് എടുത്തെറിയാവുന്ന നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി എത്രയും വേഗം പിന്‍വലിക്കുകയാണ് സര്‍ക്കാരിന് അഭികാമ്യം. അല്ലെങ്കില്‍ നിയമനടപടിക്കുമുമ്പില്‍ തലകുനിച്ച് പിന്‍വാങ്ങേണ്ടിവരും. പുതിയ ഭേദഗതിയും ചട്ടവും ജനുവരി നാലിനകം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന സുഗതകുമാരിയുടെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുത്താല്‍ സര്‍ക്കാരിന് മുഖം രക്ഷിക്കാനാവും.
Discussion about this post