തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിച്ച് തലസ്ഥാനത്ത് വിളംബരഘോഷയാത്ര നടന്നു. എസ്.എം.വി സ്‌കൂളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളംബരം നടത്തിയ ഘോഷയാത്ര വൈകുന്നേരം അഞ്ച് മണിക്ക് പുത്തരിക്കണ്ടത്തുള്ള പ്രധാനവേദിക്ക് സമീപം അവസാനിച്ചു.
വിദ്യാര്‍ഥിസംഘം വിളംബരവാഹനത്തില്‍ ചെണ്ട കൊട്ടിയാണ് നഗരം ചുറ്റി കലോല്‍സവം വിളംബരം ചെയ്യുന്നത്. എസ്.എം.വി സ്‌കൂളില്‍നിന്ന് സെന്റ് ജോസഫ്‌സ് സ്‌കൂള്‍, ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, പേരൂര്‍ക്കട ഗേള്‍സ് ഹൈസ്‌കൂള്‍, ശാസ്തമംഗലം, തിരുമല, വട്ടിയൂര്‍ക്കാവ്, കോട്ടണ്‍ഹില്‍ സ്‌കൂള്‍, തൈക്കാട് സ്‌കൂള്‍, മോഡല്‍ ഹൈസ്‌കൂള്‍ വഴി വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു. ഇതോടൊപ്പം ജില്ലയിലെ പന്ത്രണ്ട് സബ് ജില്ലകളിലും എ.ഇ.ഒ.മാരുടെ നേതൃത്വത്തില്‍ വിളംബരം നടത്തി. വിളംബരോദ്ഘാടനചടങ്ങില്‍ പബ്‌ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.ശശി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ കെ.പി. നൗഫല്‍, കൗണ്‍സിലര്‍ ജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് മന്‍സൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവി മുരുകന്‍ കാട്ടാക്കട വിളംബര സന്ദേശം നല്‍കി. പബ്‌ളിസിറ്റി കണ്‍വീനര്‍ കെ. ബുഹാരി സ്വാഗതവും ഹെഡ്മിസ്ട്രസ് ഉഷാകുമാരി നന്ദിയും പറഞ്ഞു.
Discussion about this post