കൊച്ചി: കൊച്ചി മെട്രോയുടെ ടെസ്റ്റ് റണിന് പച്ചക്കൊടി. മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കിലാണ് ടെസ്റ്റ് റണ്‍ നടക്കുന്നത്. രാവിലെ 10 ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ ഗൗരി എന്ന കുട്ടിയും ചേര്‍ന്നാണ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്. മുട്ടം യാര്‍ഡിനകത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിലായിരുന്നു ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം. സുരക്ഷ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
ഇ ശ്രീധരന്റെ കഠിന പ്രയത്‌നമാണ് കൊച്ചി മെട്രോ പദ്ധതി ഇത്ര പെട്ടന്ന് യാഥാര്‍ഥ്യമാക്കിയതെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമനത്രി പറഞ്ഞു. നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊച്ചിയുടെ സ്വന്തം മെട്രോ പൂര്‍ണ സജ്ജീകരണങ്ങളോടെ അവതരിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു നടന്നത്.
ടെസ്റ്റ് റണ്ണിനായി യാര്‍ഡിനകത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തിലാണ് ടെസ്റ്റ് റണ്‍. ഇതിനുശേഷം ഒരു മാസത്തിനകം റോഡിന് മധ്യത്തിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്ണുണ്ടാകും.
മന്ത്രി ആര്യാടന്‍ മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ അനൂപ് ജേക്കബ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ പ്രത്യേക പ്രഭാഷണം നടത്തി. എം.പി.മാരായ കെ.വി. തോമസ്, ഇന്നസെന്റ്, എം.എല്‍.എ.മാരായ ഡൊമിനിക് പ്രസന്റേഷന്‍, എസ്. ശര്‍മ, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ മങ്കു സിങ്, മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.












