നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) എമിഗ്രേഷന്‍ വിഭാഗത്തിന് പ്രത്യേക പദവി വരുന്നു. ഇതിന്റെ ഭാഗമായി ഐപിഎസ് റാങ്കിലുള്ള കെ.ജെ ജെയിംസിനെ ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായി നിയമിച്ചു. കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളും ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും. എസ്‌പിമാരായ അലക്‌സ് എം. വര്‍ക്കി, ടോജന്‍ വി. സിറിയക് (അഡ്‌മിനിസ്‌ട്രേഷന്‍ ട്രെയിനിംഗ്), എം. മുരളീധരന്‍നായര്‍ (സീനിയര്‍ സെക്യൂരിറ്റി ഓഫീസര്‍) എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്‌ടായിരിക്കും.
എമിഗ്രേഷന്‍ വിഭാഗത്തിലെ അംഗസംഖ്യ 152-ല്‍ നിന്നും 343 ആകും. സംസ്ഥാനമന്ത്രി സഭയുടെ തീരുമാനമനുസരിച്ചാണ് കേരളപോലീസില്‍നിന്നും 191 പേരെ കൂടി ഡെപ്യൂട്ടേഷനില്‍ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷനിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 3 എസ്‌പിമാരും 6 ഡിവൈഎസ്‌പിയും 13 സിഐമാരും 101 എസ്‌ഐമാരും 68 കോണ്‍സ്റ്റബിള്‍മാരും ഉണ്‌ട്. നിലവില്‍ ഒരു എസ്‌പിയും 2 ഡിവൈഎസ്‌പിമാരും 7 സിഐമാരും 114 എസ്‌ഐമാരും 28 കോണ്‍സ്റ്റബിള്‍മാരുമാണ് ഉണ്‌ടായിരുന്നത്.
ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ സാന്നിധ്യം വിദേശങ്ങളില്‍നിന്നുംവരുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സഹായകമാകും. റൂറല്‍ എസ്‌പിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്‌ത് നടത്തേണ്‌ട വീസ പ്രശ്‌നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശികള്‍ക്ക് വിമാനത്താവളത്തില്‍തന്നെ ചെയ്‌തു കിട്ടും. എമിഗ്രേഷന്‍ ചെക്കിംഗ് കൗണ്‌ടറുകളുടെ എണ്ണം ഇരട്ടിയാകും. യാത്രക്കാരുടെ സമയനഷ്ടം കുറയും. പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. എമിഗ്രേഷനില്‍ എണ്ണം കൂടിയതുകൊണ്‌ട് ജോലിഭാരം കുറയും. തുടര്‍ച്ചയായി 24 മണിക്കൂര്‍ വരെ എമിഗ്രേഷനില്‍ ജോലി ചെയ്യേണ്‌ട സാഹചര്യമുണ്‌ടായിട്ടുണ്‌ട്. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ പരിശോധന കേന്ദ്ര ഐബിയുടെ ചുമതലയാണ്. ഐബിക്ക് വേണ്‌ടത്ര അംഗസംഖ്യ ഇല്ലാത്തതുകൊണ്‌ടാണ് സംസ്ഥാന പോലീസ് ഡെപ്യൂട്ടേഷനില്‍ ഈ ജോലി ചെയ്യുന്നത്.
Discussion about this post