അധ്യായം – 2
മനോനിരോധം
ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
മനസ്സിതന്നെയാണ് ചരാചരരൂപത്തില്‍കാണുന്ന സര്‍വവും. മനസ്സിനുണ്ടാകുന്ന അമനീഭാവം അഥവാ സങ്കല്‌പശൂന്യത്വമെന്ന അവസ്ഥയില്‍ ദൈ്വതഭാവം ഉണ്ടാകുകയില്ല. സങ്കല്‌പരഹിതമായ മനസ്സിനുമാത്രമേ അമനീഭാവം കൈവരിക്കാനാകൂ. ഗ്രാഹ്യഭാവം അനുഭവപ്പെടുമ്പോള്‍ സ്വഭാവേന അത് അഗ്രാഹ്യമായിത്തീരുന്നു. വിവേകസമ്പന്നമായ മനസ്സിന്റെ വ്യാപാരം വിശേഷസ്വഭാവത്തോടുകൂടിയതാകുന്നു. സുഷുപ്‌ത്യവസ്ഥയില്‍ കാരണശരീരമായ അവിദ്യയില്‍ ലയിച്ചുകിടക്കുന്ന മനസ്സിന് ആവര്‍ത്തനപുനരാവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതിനാല്‍ ആ അവസ്ഥ അഗ്രാഹ്യമാണെന്ന് പറയാന്‍വയ്യ. അതിന് താല്‍ക്കാലികമായ വിരുദ്ധാവസ്ഥ അനുഭവപ്പെടുന്നുവെന്നേയുള്ളൂ. നിരോധിക്കപ്പെട്ട മനസ്സ് ലയിക്കുകയോ വീണ്ടും ഉണ്ടാകുകയോ ചെയ്യുന്നില്ല. അതുകൊണ്ട് അവിദ്യയില്‍ ലയിക്കുന്നു എന്നു സങ്കല്‌പിക്കാന്‍ സാധ്യമല്ല. മനസ്സിന്റെ നിരോധംകൊണ്ട് സ്വയംപ്രകാശിതമാകുന്ന അനുഭൂതിമണ്ഡലം സര്‍വത്രവ്യാപ്‌തമായ ദൃശ്യതയെ പ്രാപിക്കുന്നു. മനോനിഗ്രഹത്തിനു വിധേയമായിമാത്രമേ അഭയം അഥവാ ദുഃഖക്ഷയം സംഭവിക്കുകയുള്ളൂ. അക്ഷയമായ ശാന്തിയും ഇതിലൂടെ ലഭ്യമാകുന്നു. “ദുഃഖക്ഷയപ്രബോധശ്ചാപ്യക്ഷയ ശാന്തിരേവ ച” (എല്ലാ യോഗികളുടെയും അഭയവും ദുഃഖക്ഷയവും പ്രബോധവും അക്ഷയശാന്തിയും മനോനിഗ്രഹത്തിലാകുന്നു.) എന്ന് മാണ്ഡൂക്യകാരികയില്‍ സംശയാതീതമായി പ്രസ്‌താവിച്ചിട്ടുള്ളത് മനോനിഗ്രഹത്തിന്റെ അവധാനതയെ വ്യക്തമാക്കുന്നു.
ഛാന്ദോഗ്യോപനിഷത്തില്‍ “മനോ ബ്രഹ്മ ഇതി ഉപാസീത ഇത്യ ധ്യാ ത്മം”. – `മനസ്സ് ബ്രഹ്മമാണെന്നുപാസിക്കണം. ഇത് അധ്യാത്മദൃഷ്‌ടിയാണ്’ – എന്ന് അസന്ദിഗ്‌ദ്ധമായി പ്രസ്‌താവിച്ചിരിക്കുന്നത് ക്ലേശകരമായ ഉപാസനകൊണ്ട് മാത്രമേ ഇത് ഫലവത്താകുകയുള്ളൂ എന്നതാണ്. (തുടരും)
“പ്രകൃതിസ്വരൂപം ബ്രഹ്മഃ” എന്ന ശ്രുതിവാക്യം പ്രകൃതിയെ ബ്രഹ്മമായിത്തന്നെ കല്‌പിച്ചിരിക്കുന്നു. എന്നാല്‍ മനസിനെ ബ്രഹ്മമാണെന്നുകരുതി ഉപാസിക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ ഈ അനുഭവം ഉണ്ടാക്കുകയില്ല. തന്നെയുമല്ല നാനാമുഖമായ വിഷയസ്വരൂപം വികല്‌പങ്ങളെ സൃഷ്‌ടിച്ചുകൊണ്ട് അവശേഷിക്കുന്നതിനാല്‍ മനസ്സിനെ ബ്രഹ്മമായികാണുന്നത് ദുഷ്‌കരമാണ്. എന്നാല്‍ സര്‍വവും മനോനിര്‍മിതമായതുകൊണ്ട് ആ മനസ്സിനെ “സര്‍വം ഖല്വിദം ബ്രഹ്മംഃ” – ഇത് സര്‍വവും ബ്രഹ്മം തന്നെയാണ് – എന്ന മഹാവാക്യസ്വരൂപമാക്കുന്നത് ഭ്രാന്തിദര്‍ശനത്തെ തടയുന്നതിനും ബ്രഹ്മദര്‍ശനം ഉറയ്‌ക്കുവാനും എളുപ്പമാണെന്ന അഭിജ്ഞമതമാണ് പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ചിത്തവിക്ഷേപങ്ങളേയും മനസിന്റെ സഹജമായ വൃത്തികളേയും നിരോധിക്കുന്നതിന് ഏതെങ്കിലും ഒരു നിശ്ചിതാകാരത്തില്‍ മനസിനെ ഉറപ്പിക്കുന്നതും പ്രയോജനകരമാണ്. “അഥ അധിദൈവതം ആകാശ”ഃ – ആകാശത്തില്‍ പഞ്ചഭൂതങ്ങള്‍ ലയിക്കുന്നതുകൊണ്ടും പഞ്ചഭൂതങ്ങളുള്‍പ്പെട്ട ആകാശം ചിദാകാശത്തിന്റെ അഥവാ നിര്‍ഗുണാവസ്ഥയുടെ ആദ്യസൃഷ്‌ടിയായതുകൊണ്ടും ആകാശത്തെ ആധിദേവതയാക്കിക്കൊണ്ടുള്ള ഉപാസനയാണ് ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. “മനോ ബ്രഹ്മ ഇതി ഉപാസീത” എന്ന ഉപദേശത്തിലൂടെ അധ്യാത്മ ഉപാസനയും “അധിദൈവതം ആകാശഃ” എന്ന നിര്‍ദേശത്തിലൂടെ സാകാരോപാസനയും ഇവിടെ ഉപദേശിച്ചിരിക്കുന്നു. മനസ്സിന്റെ സൃഷ്‌ടിക്കുപയുക്തമായ വിഷയങ്ങളെല്ലാംതന്നെ നാമരൂപങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. നാമരൂപങ്ങള്‍ പഞ്ചഭൂതങ്ങളുടെ കൂട്ടിയിണക്കലാണ്. പഞ്ചഭൂതങ്ങള്‍ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ വിഷയസ്വഭാവം വ്യക്തമല്ല. അപഞ്ചീകൃതപഞ്ചഭൂതങ്ങളെ കൂട്ടിയിണക്കി സൃഷ്‌ടിക്കുപയുക്തമാക്കിയതുകൊണ്ടാണ്, “ഭിന്നരുചിര്‍ ഹി ലോകഃ” – ലോകം വ്യത്യസ്‌തങ്ങളായ രുതികളോടു കൂടിയതാണ് – എന്ന ശ്രുതിവാക്യം പ്രാബല്യത്തില്‍ വന്നത്. നാമരൂപങ്ങള്‍ പരമ്പരാഗതമായ അനുഭവങ്ങളിലൂടെ വിഷയാസക്തമായ അനുഭവത്തെ നിലനിര്‍ത്തുന്നതിനാല്‍ മനസ്സിനെ നിഗ്രഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് അതിനെ വിഘടിപ്പിച്ച് പഞ്ചഭൂതങ്ങളാക്കുകയും ഇവയില്‍ ഓരോ ഭൂതാംശത്തെയും പ്രത്യേകമുപാസിച്ച് ലയിപ്പിക്കുകയും ചെയ്യണമെന്നാണ് ഉപനിഷത്ത് ഉപദേശിക്കുന്നത്. ആകാശം മുതല്‍ ഭൂമിവരെയുള്ള ഓരോ ഭൂതാംശവും ഇങ്ങനെ ലയിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ വസ്‌തുസങ്കല്‌പം നിലനില്‍ക്കുന്നില്ല. വസ്‌തുസങ്കല്‌പം നിലനില്‍ക്കുന്നിടത്തോളംകാലം രൂപനാമങ്ങളുടെ അഭാവം വന്നുചേരുന്നു. ഇതിന്റെ അഭാവത്തില്‍ മനസ്സ് സമ്പൂര്‍ണമായി നിരോധിക്കപ്പെടുന്നു. അങ്ങനെ പ്രകൃതിസ്വരൂപംതന്നെ ബ്രഹ്മമായി അനുഭവപ്പെടുന്നു.
മനസ്സാകുന്ന ബ്രഹ്മത്തിന്റെ നാലുപാദങ്ങളിലൊന്നായ പ്രാണന്‍ വായുവിനോട് ബന്ധപ്പെട്ട് പ്രകാശിക്കുകയും ഊഷ്‌മളമാകുകയും ചെയ്യുന്നു. പഞ്ചഭൂതങ്ങളെ ഉപാസിക്കുന്നതിലൂടെ വിഷയോപാധികളായ ഇന്ദ്രിയങ്ങളേയും ബ്രഹ്മമെന്നുകരുതി ഉപാസിക്കാനും ലയിപ്പിക്കാനും ഉപനിഷത്ത് ഉപദേശിക്കുന്നു. ഇങ്ങനെ പ്രപഞ്ചത്തിന്റെ ഉപാധികളിലൂടെ സൃഷ്‌ടിക്കപ്പെടുന്ന വിഷയാനുഭവങ്ങളെ നിരോധിച്ചുകൊണ്ട് മനസ്സിന്റെ സമ്പൂര്‍ണനിരോധം സാധിക്കണമെന്ന് ഉപനിഷത്ത് ഉപദേശിക്കുന്നു. മേല്‍പറഞ്ഞ ഉപദേശങ്ങളിലൂടെ പ്രപഞ്ചത്തിന്റെ സൃഷ്‌ടിസ്ഥിതിലയഭാവങ്ങള്‍ ഉപസംഹരിക്കപ്പെടുന്നതെങ്ങനെയെന്ന് ശാസ്‌ത്രസിദ്ധാന്തം സുവ്യക്തമാക്കുന്നു. “അനന്തം വൈ മനോളനന്താ വിശ്വേ ദേവാ അനന്തമേവ സത്യേന ലോകം ജയന്തി” – യാജ്ഞവല്‍ക്യനും ആശ്വലനും തമ്മിലുള്ള അധ്യാത്മചര്‍ച്ചയില്‍ വ്യക്തമാകുന്ന പരമസത്യം മനസ്സിന്റെ അനന്തതയെയാണ് സമര്‍ത്ഥിക്കുന്നത്. എത്ര ദേവതന്മാര്‍ മുഖേനയാണ് യജ്ഞത്തെ സംരക്ഷിക്കുന്നതെന്ന് ആശ്വലന്‍ യാജ്ഞവല്‍ക്യനോട് ചോദിക്കുന്നു. “ഏകയാ ഇതി” ഒരു ദേവതമുഖേനയാണ് യജ്ഞം സംരക്ഷിക്കപ്പെടുന്നത്. ആശ്വലന്റെ തുടര്‍ന്നുള്ള ചോദ്യത്തിനുത്തരമായി ആ ഒരു ദേവത മനസ്സാണെന്ന് യാജ്ഞവല്‍ക്യന്‍ വിശദമാക്കുന്നു. (മന ഏവ ഇതി). അങ്ങനെയുള്ള മനസ്സും വിശ്വദേവന്മാരും അനന്തമായിത്തന്നെ നിലകൊള്ളുന്നു. അതുകൊണ്ട് അനന്തമായ ലോകത്തെ ജയിക്കുന്നതിന് അനന്തമായ മനസ്സുകൊണ്ട് കഴിയുന്നതാണ്. പ്രകൃതിവിജയത്തിന് മനസ്സിന്റെ അനന്തതയെ ആശ്രയിക്കുന്ന ഈ ഭാവന ഛാന്ദോഗ്യത്തിലെപോലെതന്നെ മനസ്സിനെ ഉപാധിരഹിതമാക്കുന്നതിന് ഉപദേശിക്കുന്നു. “മന ഏവ ജഗത്‌സര്‍വം” ജഗത്ത് മുഴുവന്‍ മനസ്സുതന്നെയാണ് എന്ന് തോജോബിന്ദുപനിഷത്ത് ഉദ്‌ഘോഷിക്കുന്നതും വ്യത്യസ്‌തമായ വ്യാഖ്യാനമല്ല.
മനസ്സിന്റെ വ്യാപാരങ്ങളേയും സ്വഭാവത്തേയും ഇത്ര വിശദമായി ചര്‍ച്ചചെയ്‌തു നിരൂപണം ചെയ്‌തും മനോനിരോധം ശുപാര്‍ശ ചെയ്യുന്ന ശാസ്‌ത്രസിദ്ധാന്തവും ആചാര്യവീക്ഷണവും മറ്റൊന്നില്ല.
ജ്ഞേയവസ്‌തു പരിത്യാഗാത് വിലയംയാതി മാനസം
മാനസേവിലയംയാതേ കൈവല്യമവശിഷ്യതേ”. – ജ്ഞേയവസ്‌തുവിനെ പരിത്യജിക്കുമ്പോള്‍ മനസ്സുംവിലയം പ്രാപിക്കുന്നു. മനസ്സു വിലയം പ്രാപിക്കുമ്പോള്‍ കൈവല്യം മാത്രമവശേഷിക്കുന്നു – എന്നിപ്രകാരം മനോലയത്തിന് നിര്‍ദേശം നല്‍കുന്ന അനേകമനേകം ഉപദേശങ്ങള്‍ കൈവല്യസാധ്യത്തിനുവേണ്ടി വേദാദിമഹദ്‌ഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്നു.
(തുടരും)
Discussion about this post