കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റീസ് പി.ഉബൈദാണ് വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസനെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇത്തരം ഉത്തരവുകള്‍ നിയമവാഴ്ചയ്ക്ക് ആശാസ്യമല്ല. വിജിലന്‍സ് ജഡ്ജിക്കെതിരേ നടപടി സ്വീകരിക്കുന്ന കാര്യം ഹൈക്കോടതി ഭരണ വിഭാഗം പരിഗണിക്കണം. ഇത്തരം ഒരു ജഡ്ജിയെ കൊണ്ടു എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.
വിജിലന്‍സ് കോടതി അധികാരപരിധി ലംഘിച്ചുവെന്നും എന്തൊക്കെയാണ് അധികാരം എന്ന് ജഡ്ജി ആദ്യം മനസിലാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ പദവി പോസ്റ്റ് ഓഫീസിനു തുല്യമാണെന്ന് കരുതരുത്. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും അനാവശ്യ നിരീക്ഷണങ്ങളും പരാമര്‍ശവും ഒഴിവാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹര്‍ജിക്കാരായ ഉമ്മന്‍ ചാണ്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും വാദങ്ങള്‍ ഹൈക്കോടതി പൂര്‍ണമായും അംഗീകരിച്ചു. അധികാരപരിധി ലംഘിച്ചാണ് വിജിലന്‍സ് കോടതി ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഉത്തരവ് റദ്ദാക്കാതെ രണ്ടു മാസത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Discussion about this post