തിരുവനന്തപുരം: കാല്‍വഴുതി കുളത്തിലേക്കുവീണ ആറുവയസുള്ള ആര്യയെയും, രക്ഷിക്കാനായി എടുത്തുചാടിയ ശുഭ എന്ന വീട്ടമ്മയെയും അതിസാഹസികമായി രക്ഷിച്ച 13 വയസുള്ള എം.എസ്. ആരോമല്‍ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ റിപ്പബ്ലിക്ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് ദാനചടങ്ങ് നടന്നത്. നെയ്യാറ്റിന്‍കര അമരവിള ചായ്‌ക്കോട്ടുകോണത്ത് വൈഷ്ണവത്തില്‍ സുനില്‍കുമാറിന്റെയും മിനികുമാരിയുടെയും മകനാണ് ആരോമല്‍.
അവാര്‍ഡ് വാങ്ങി മടങ്ങിയെത്തിയ ആരോമലിന് തിരുവനന്തപുരത്ത് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം ന്യൂസ്‌പേപ്പേഴ്‌സ്, ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടകളുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍ പൊന്നാടയണിയിച്ച് ആരോമലിനെ സ്വീകരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബദറുദീന്‍, ഐഎഫ്എസ്എംഎന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും സംസ്ഥാന പ്രസിഡന്റുമായ കെ.രാമന്‍ പിള്ള, ഐഎഫ്എസ്എംഎന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.ലാല്‍ജിത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post