കാഠ്മണ്ഡു: പവര്‍കട്ടിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി നേപ്പാളിലെ കാന്തിപ്പൂര്‍ ന്യൂസ് ചാനല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിബ്രവരി ഒന്നു മുതല്‍ രാത്രി ഏഴുമണിക്കുള്ള അരമണിക്കൂര്‍ ന്യൂസ് ബുള്ളറ്റിന്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്ന റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിലാണ് ചാനല്‍ അവതരിപ്പിക്കുന്നത്. കടുത്ത വൈദ്യുത ക്ഷാമം അനുഭവപ്പെടുന്ന നേപ്പാളില്‍ 12 മണിക്കൂറോളം പവര്‍കട്ട് ഉണ്ട്. മൊത്തം ഉപഭോഗത്തിന്റെ പകുതിയില്‍ താഴെ വൈദ്യുതി മാത്രമാണ് നേപ്പാളില്‍ ഉത്പാദിപ്പിക്കുന്നത്.
വേനല്‍ അടുക്കുന്നതോടെ ദിവസം 14 മണിക്കൂര്‍ പവര്‍കട്ട് വേണ്ടി വരുമെന്നാണ് നേപ്പാള്‍ ഇലക്ട്രിസ്റ്റി അതോറിറ്റി പറയുന്നത്. ജലവൈദ്യുതിയെ മാത്രം ആശ്രയിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാന്‍ നേപ്പാള്‍ സര്‍ക്കാരിന് ഇതുവരെ ആയിട്ടില്ല. 10 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധവും പിന്നീടുണ്ടായ അസ്ഥിരതയും മൂലം ഊര്‍ജ്ജോദ്പാദനത്തിന് പ്രാധാന്യം കൊടുക്കാന്‍ അധികാരികള്‍ക്കായില്ല. 2008 ല്‍ കോസി നദിയിലുണ്ടായ വെള്ളപ്പൊക്കം മൂലം വൈദ്യതി വിതരണ സംവിധാനം പാടെ തകര്‍ന്നിരുന്നു. ഇത് പൂര്‍ണ്ണമായി പുനസ്ഥാപിക്കാന്‍ ഇതുവരെ സാധിക്കാത്തതും പവര്‍ കട്ടിന് കാരണമാകുന്നുണ്ട്.
ചാനലിന്റെ ഈ പ്രതിഷേധത്തിന് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സര്‍ക്കാര്‍ പ്രതികരിക്കുന്നതു വരെ ഇതേ രീതിയില്‍ വാര്‍ത്താ വായന തുടരുമെന്ന് ചാനല്‍ മേധാവി തീര്‍ത്ഥ കൊയ്‌രാള അറിയിച്ചു.
Discussion about this post