കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ജയരാജനു വ്യക്തമായ പങ്കുണ്‌ടെന്ന സിബിഐ കണ്‌ടെത്തല്‍ കോടതി അംഗീകരിച്ചു. കേസിലെ മുഖ്യപ്രതിയായ വിക്രമന്‍ ജയരാജന്റെ അടുത്ത അനുയായി ആണെന്നും കേസിലെ പ്രതികളില്‍ ജയരാജനൊഴികെ മറ്റാര്‍ക്കും മനോജിനോട് മുന്‍വൈരാഗ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ കെ.ടി. ശങ്കരന്‍, കെ.പി. ജ്യോതിന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ യുഎപിഎ ചുമത്തിയത് ജയരാജന്‍ ചോദ്യം ചെയ്തതും ഹൈക്കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കും. മനോജിനെ വധിക്കുന്നതിനു മുന്‍പും ശേഷവും ബോംബ് പ്രയോഗിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പാര്‍ലമെന്റ് ആക്രമണത്തിനു മുന്‍പും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. ബോംബ് എത്രമാത്രം നാശനഷ്ടം ഉണ്ടാക്കിയെന്നല്ല പരിശോധിക്കുന്നത്. നാടന്‍ ബോംബ് ആയാലും ഉപയോഗിക്കുന്നത് നാശനഷ്ടം സൃഷ്ടിക്കാന്‍ തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പ്രതിയുടെ പദവികള്‍ ഇവിടെ പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ കുറ്റപത്രം പരിശോധിച്ച ഹൈക്കോടതിക്ക് ജയരാജനെതിരേ വ്യക്തമായ തെളിവുണ്‌ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ തലശേരി സെഷന്‍സ് കോടതി മൂന്ന് തവണ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഷ്ട്രീയ പ്രേരിതമായി തന്നെ കുടുക്കിയതാണെന്നും താന്‍ പ്രതിയല്ലെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും ജയരാജന്‍ വാദിച്ചു. പെട്ടന്ന് എവിടെ നിന്നാണ് സിബിഐക്ക് തെളിവുകള്‍ ലഭിച്ചത്. വികലാംഗനാണെന്നും അടുത്തിടെ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഇതൊന്നും ഇവിടെ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
Discussion about this post