തിരുവനന്തപുരം: പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഒഎന്‍വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തിലായിരുന്നു ജനനം അച്ഛന്‍ ഒ.എന്‍. കൃഷ്ണകുറുപ്പ്. അമ്മ കെ. ലക്ഷ്മിക്കുട്ടി അമ്മ.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1955ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.
സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ചു. 1998ല്‍ പത്മശ്രീ 2011ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികളും ഒഎന്‍വിയെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1971 (അഗ്‌നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം, വയലാര്‍ രാമവര്‍മ പുരസ്‌കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവയും ലഭിച്ചുട്ടുണ്ട്. 1989ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. പതിമൂന്നു തവണ മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
പി.പി. സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍,ഡോ. മായാദേവി.
Discussion about this post