തിരുവനന്തപുരം: വ്രതശുദ്ധിയോടെ ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. ക്ഷേത്രപരിസരത്തും വഴിയോരങ്ങളിലും റോഡുവക്കിലും വീട്ടുപറമ്പുകളിലുമൊക്കെയായി ഭക്തിയോടെ പുലര്‍ച്ചെ മുതലേ പൊങ്കാലയ്‌ക്കൊരുങ്ങി.
പൂലര്‍ച്ചെ നട തുറന്നതോടെ ദേവീ ദര്‍ശനത്തിനായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്. നിര്‍മാല്യ ദര്‍ശനവും ദീപാരാധനയും പന്തീരടി പൂജയും കഴിഞ്ഞതോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രാവിലെ 9.15-ന് ക്ഷേത്രത്തില്‍ ശുദ്ധ പുണ്യാഹം തുടങ്ങി. തുടര്‍ന്ന് അടുപ്പു വെട്ടിനു തുടക്കമായി. ശ്രീകോവിലില്‍ നിന്നു പകര്‍ന്നെത്തിച്ച ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ കത്തിച്ചു. അതിനുശേഷം സഹ മേല്‍ശാന്തിമാര്‍ക്ക് ദീപം കൈമാറി. സഹമേല്‍ശാന്തിമാര്‍ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്നിപകര്‍ന്നതോടെ ചെണ്ടമേളവും കതിനാവെടിയും വായ്ക്കുരവയും ഉയര്‍ന്നു. നിമിഷങ്ങള്‍ക്കകം നഗരത്തിലെ ലക്ഷക്കണക്കിനു പൊങ്കാല അടുപ്പുകളില്‍ അഗ്നിപകരാന്‍ തുടങ്ങി.
പൊങ്കാലയിട്ടു തീര്‍ന്നതോടെ വിശ്രമവേളയായി. ക്ഷേത്രത്തിനടുത്തു പൊങ്കാലയിട്ടവര്‍ ക്ഷേത്രദര്‍ശനത്തിനു നീങ്ങി. മറ്റിടങ്ങളില്‍ പൊങ്കാലയിട്ടവര്‍ ഭക്ഷണം കഴിക്കാന്‍ ശ്രമം തുടങ്ങി. പൊങ്കാലയിട്ട മേഖലകളില്‍ മുഴുവന്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അന്നദാനവും കുടിവെള്ള വിതരണവും ഒരുക്കിയിരുന്നു. മണക്കാടുമുതല്‍ തിരുവല്ലവരേയും ബൈപ്പാസില്‍ ചാക്കവരേയും പാളയം, കേശവദാസപുരംവരേയും പൊങ്കാല നീണ്ടു.
ഉച്ചക്ക് 1.30-ഓടെ പൊങ്കാല നിവേദിക്കാന്‍ തുടങ്ങും. ക്ഷേത്രത്തില്‍ നിന്നു നിയോഗിച്ചിരുന്ന 250-ല്‍ പരം പൂജാരിമാര്‍ പൊങ്കാല നിവേദിക്കും. നിവേദ്യം കഴിഞ്ഞതോടെ ഭക്തലക്ഷങ്ങള്‍ മടക്കയാത്ര ആരംഭിക്കും. ക്ഷേത്രത്തിലെ മറ്റൊരു നേര്‍ച്ചയായ താലപ്പൊലി ഇന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ഇത് വൈകുന്നേരം വരെ തുടരും. പുതുവസ്ത്രമണിഞ്ഞ ബാലികമാര്‍ പുഷ്പകിരീടം ചൂടി പൂത്താലവുമേന്തി ദേവീ സന്നിധിയിലെത്തി താലം പൊലിച്ചു മടങ്ങുന്ന ചടങ്ങാണിത്.
രാത്രി 7.20-ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്താനാരംഭിക്കും. രാത്രി 11-ന് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളിപ്പ് ആരംഭിക്കും. ഗജരാജന്‍ പാമ്പാടി രാജന്‍ ഭഗവതിയുടെ തിടമ്പേറ്റും. നിറപറ നിറച്ച് ഭക്തര്‍ ഭഗവതിയെ എതിരേല്‍ക്കും. തട്ടപൂജയ്ക്കുശേഷം പ്രദക്ഷിണം മുന്നോട്ടു നീങ്ങും. കുത്തിയോട്ട കുട്ടികള്‍ എഴുന്നള്ളിപ്പില്‍ അണിനിരക്കും. തെയ്യം, കാവടിയാട്ടം, പൂക്കാവടി, മയൂരനൃത്തം, പരിചമുട്ട് നെയ്യാണ്ടിമേളം, പഞ്ചവാദ്യം തുടങ്ങിയവ എഴുന്നള്ളിപ്പിന് മാറ്റുകൂട്ടും. ബുധനാഴ്ച രാവിലെയോടെ മണക്കാട് ശ്രീധര്‍മശാസ്താക്ഷേത്രത്തിലെത്തിയശേഷം എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്കു മടങ്ങും. ബുധനാഴ്ച രാത്രി 9.45-ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാലമഹോത്സവം സമാപിക്കും.
Discussion about this post