ന്യൂഡല്‍ഹി: വികസനവും ദാരിദ്ര്യ നിര്‍മാര്‍ജനവും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങളാണെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. പാവപ്പെട്ടവര്‍ക്കു രണ്ടു കോടി വീടുകള്‍ നിര്‍മിക്കുമെന്നും 4,25,000 വീടുകള്‍ക്ക് അനുമതി നല്‍കിയതായും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
ജനാധിപത്യത്തിന്റെ പരമാധികാര സഭയായ പാര്‍ലമെന്റില്‍ ചര്‍ച്ചയും സംവാദവുമാണു വേണ്ടതെന്നും തടസപ്പെടുത്തലുകളും സ്തംഭനവും പാടില്ലെന്നും രാഷ്ട്രപതി എംപിമാരെ ഓര്‍മിപ്പിച്ചു. പാര്‍ലമെന്റംഗം ആകുന്നതു വലിയ ആദരവുപോലെതന്നെ ഉത്തരവാദിത്വവുമാണ്. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സഹകരണത്തിന്റെയും സമവായത്തിന്റെയും പാതയില്‍ പാര്‍ലമെന്റിലെ ഉത്തരവാദിത്തം നിറവേറ്റണമെന്നു ബജറ്റ് സമ്മേളനത്തിനു തുടക്കംകുറിച്ചു പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പ്രണാബ് മുഖര്‍ജി എംപിമാരോടാവശ്യപ്പെട്ടു.
സബ്കാ ഭാരത്, സബ്കാ വികാസ് എന്ന തത്ത്വത്തില്‍ അധിഷ്ഠിതമാണു വികസനം. ദാരിദ്ര്യ നിര്‍മാര്‍ജനവും ശുചിത്വവും സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡയിലുണ്ട്. സാധാരണക്കാരുടെ ഉന്നതി, കര്‍ഷകരുടെ സമൃദ്ധി, യുവാക്കളുടെ അഭിവൃദ്ധി തുടങ്ങിയവയിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, മുദ്ര, സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതികള്‍ വഴി യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
പുത്തന്‍ സാമ്പത്തിക പരിഷ്‌കാര നടപടികളെക്കുറിച്ചു പറയുന്നതിലേറെ പാവപ്പെട്ടവരെയും സാധാരണക്കാരെയും കര്‍ഷകരെയും സഹായിക്കുകയാണു സര്‍ക്കാരിന്റെ ഊന്നലെന്ന പ്രഖ്യാപനം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഇതുവരെയുള്ള നയസമീപനങ്ങളിലെ വലിയ മാറ്റമായാണു പൊതുവേ വിലയിരുത്തുന്നത്. കേരളം, തമിഴ്‌നാട്, ബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഈ മാറ്റമെന്നാണു കരുതുന്നത്.
കര്‍ഷകരുടെയും യുവജനങ്ങളുടെയും അഭിവൃദ്ധിക്കും ഗ്രാമവികസനത്തിനും കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്നു രാഷ്ട്രപതി പറഞ്ഞു. കരിമ്പു കര്‍ഷകര്‍ക്കു സംഭരണത്തുകയില്‍ കൊടുക്കാനുണ്ടായിരുന്ന 21,000 കോടി രൂപയുടെ ബാധ്യത 720 കോടിയായി കുറച്ചു. 14 കോടി പേര്‍ക്കു സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്തെ 585 മൊത്തവിപണികളെ ബന്ധിപ്പിച്ച് ഇ-മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോറം രൂപീകരിക്കും.
വിദ്യാഭ്യാസത്തിനൊപ്പം ശുചിത്വവും വളരെ പ്രധാനമാണ്. സാമൂഹ്യസുരക്ഷയ്ക്കും പ്രഥമ പരിഗണനയുണ്ട്. ലോകത്തെ ഏറ്റവും വിജയകരമായ സാമ്പത്തിക പദ്ധതിയാണു ജന്‍ധന്‍ യോജന. ഇതുവരെ 62 ലക്ഷം പേര്‍ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചു. പുതുതായി 50 ലക്ഷം പേര്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കി.
ന്യൂനപക്ഷങ്ങള്‍ക്കായി രണ്ടു പുതിയ പദ്ധതികള്‍കൂടി നടപ്പാക്കും. മദ്രസ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിനു പദ്ധതി ആവിഷ്‌കരിക്കും. തൊഴില്‍ വൈദഗ്ധ്യത്തിനു പദ്ധതിയില്‍ 20,000 മദ്രസ വിദ്യാര്‍ഥികളുണെ്ടന്നും രാഷ്ട്രപതി വിശദീകരിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനു സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. മൊത്തം 7,200 കിലോമീറ്റര്‍ ദേശീയപാത ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും 12,900 കിലോമീറ്റര്‍ ദേശീയപാത പദ്ധതികള്‍ അനുവദിച്ചിട്ടുണെ്ടന്നും പ്രണാബ് പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 39 ശതമാനം വര്‍ധനയുണ്ടായി. 2015ല്‍ വന്‍തോതില്‍ യൂറിയ ഉത്പാദിപ്പിച്ചു. മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യം തുടങ്ങിയ മേഖലകളുടെ പ്രാധാന്യം സര്‍ക്കാര്‍ മനസിലാക്കുന്നുണെ്ടന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post