കൊച്ചി/ചാലക്കുടി: മലയാള ചലച്ചിത്രലോകത്തെ ചിരിക്കു നിറംപകര്‍ന്ന കലാകാരന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.10നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍, മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പിന്നീട് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയും അസ്വാഭാവിക മരണത്തിനു ചാലക്കുടി പോലീസ് കേസെടുക്കുകയും ചെയ്തു. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂകയുള്ളൂ.
ഒഴിവുദിനങ്ങളില്‍ മണി ചെലവഴിക്കാറുള്ള ജാതിത്തോട്ടമായ പാഡിയില്‍ ശനിയാഴ്ച ഉച്ചയ്ക്കു രണേ്ടാടെ അവശനിലയില്‍ കണെ്ടത്തിയതിനെത്തുടര്‍ന്നു കൂട്ടുകാരുടെ നിര്‍ബന്ധത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്നു കൂട്ടുകാര്‍ പറഞ്ഞെങ്കിലും മണി കൂട്ടാക്കിയില്ല. മദ്യപാനത്തിനു ചികിത്സിക്കുന്ന സുഹൃത്തായ ഡോക്ടറെ കൂട്ടുകാര്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കാറില്‍ ചാലക്കുടിക്കെന്ന ധാരണയില്‍ കൊച്ചി അമൃത ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കുറച്ചുനാളായി കരള്‍ രോഗത്തിനു മണി ഇവിടെ ചികിത്സയിലായിരുന്നു. ചാലക്കുടി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. പാഡിയിലെത്തി പോലീസ് അന്വേഷണം നടത്തുകയും സഹോദരന്‍ രാമകൃഷ്ണനില്‍നിന്നു മൊഴിയെടുക്കുകയും ചെയ്തു. തൃശൂര്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മരണസമയത്തു നാട്ടില്‍നിന്നുള്ള ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ് അടുത്തുണ്ടായിരുന്നത്. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെന്നാണു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ വെന്റിലേറ്ററിലേക്കു മാറ്റിയതായും വാര്‍ത്ത പുറത്തുവന്നു. എന്നാല്‍, ഇതിനിടെ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍ ചേരാനല്ലൂര്‍ പോലീസിന് ഇന്നലെ വിവരം നല്‍കിയിരുന്നു. ഇക്കാര്യം ചേരാനെല്ലൂര്‍ പോലീസ് ചാലക്കുടി പോലീസിനെയും അറിയിച്ചിരുന്നു. എന്നാല്‍, മൊഴിയെടുക്കാനെത്തിയപ്പോള്‍ മണിയുടെ അവസ്ഥ കൂടുതല്‍ വഷളായതിനാല്‍ അതിനു കഴിഞ്ഞില്ല.
മൃതദേഹം ഇന്നലെ ആശുപത്രിയില്‍ കുറച്ചു സമയം പൊതുദര്‍ശനത്തിനു വച്ചശേഷം രാത്രി 9.40ഓടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇന്നു രാവിലെ ഒമ്പതോടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ആദരസൂചകമായി ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ചാലക്കുടിയില്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കും. മണി പഠിച്ച ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഹാസ്യനടനായി മലയാള സിനിമയിലെത്തിയ മണി നായകനായും വില്ലനായും തിളങ്ങി. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശേരി രാമന്റെയും അമ്മിണിയുടെയും എട്ടുമക്കളില്‍ ഏഴാമനായി ജനനം. ചെറുപ്പകാലം മുതല്‍ മിമിക്രി അവതരിപ്പിച്ചിരുന്ന മണി കലാഭവനിലൂടെയാണ് പ്രശസ്തനായത്.1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാമനായി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി സിനിമയില്‍ അരങ്ങേറി. ഇരുപതോളം സിനിമകളില്‍ പാടുകയും ചെയ്തു.
എംഎല്‍എ മണിയെന്ന സിനിമയ്ക്കു കഥയുമെഴുതിയിട്ടുണ്ട്. മണി സിപിഎം വേദികളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. നിമ്മിയാണ് ഭാര്യ. ഏകമകള്‍: ശ്രീലക്ഷ്മി.
Discussion about this post