*വിശദ സംരക്ഷണ പ്ലാന്‍ തയാറാക്കാന്‍ ആര്‍ക്കിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി
*കുളം മലീമസമാക്കുന്ന ശൗചാലയങ്ങള്‍ നിര്‍ത്തലാക്കും
*അപകടകരമായ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കും
തിരുവനന്തപുരം: പത്മതീര്‍ഥക്കുളത്തിലെ കല്‍മണ്ഡപത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കണ്‍സര്‍വേഷന്‍ കമ്മിറ്റി, ആര്‍ക്കിയോളജി വകുപ്പ്, രാജകുടുംബ പ്രതിനിധി തുടങ്ങിയവരുടെ സംഘം സംയുക്ത പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഭരണസമിതിയുടേയും കണ്‍സര്‍വേഷന്‍ കമ്മിറ്റിയുടേയും സംയുക്തയോഗം തീരുമാനിച്ചു. ഇപ്പോള്‍ തുടര്‍ന്നുവരുന്ന വെള്ളം വറ്റിക്കല്‍ നടപടികള്‍ മാര്‍ച്ച് 16 വൈകിട്ടോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിലയിരുത്തി. കല്‍മണ്ഡപത്തിന്റെ അടിസ്ഥാനശിലകള്‍ ഏതുതരത്തില്‍ നവീകരിക്കണമെന്ന് പരിശോധനക്ക് ശേഷം തീരുമാനിക്കും. ഇതോടൊപ്പം, വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നുവീണ കല്‍മണ്ഡപത്തിലെ ഏതൊക്കെ കല്ലുകള്‍ ഉപയോഗിക്കാമെന്ന് പരിശോധിച്ച് ഇത് പുന:സ്ഥാപിക്കാനുള്ള സാധ്യതകളും തേടും. ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍, ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍, രാജകുടുംബപ്രതിനിധി ആദിത്യവര്‍മ്മ, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ആര്‍ക്കിയോളജി വകുപ്പ് കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍, ക്ഷേത്ര സ്ഥപതി കുന്നുവിള എം. മുരളി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുക.
പത്മതീര്‍ഥക്കുളത്തിന് ചുറ്റുമുള്ള എല്ലാ കല്‍മണ്ഡപങ്ങളുടേയും കല്‍പ്പടവുകളുടേയും, പടിഞ്ഞാറേ വശത്തുള്ള മതിലിന്റെയും സംരക്ഷണവും നവീകരണവും എങ്ങനെ നടപ്പാക്കാം എന്ന് വിശദ പരിശോധനക്ക് ശേഷം സംരക്ഷണ പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. പത്മതീര്‍ഥക്കുളം ഇപ്പോള്‍ മലീമസമാക്കുന്ന ശൗചാലയങ്ങള്‍ ഉടനടി നിര്‍ത്തലാക്കാനും തീരുമാനമായി. ഇതിനുപകരമായി, നവരാത്രി ട്രസ്റ്റ് നിര്‍മ്മിച്ച പത്തോളം ശൗചാലയങ്ങള്‍ ഭക്തരുടെ സൗകര്യാര്‍ഥം തുറന്നുകൊടുക്കാന്‍ ക്ഷേത്രം ട്രസ്റ്റിനോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു.
കുളത്തിന് വടക്കുവശം അപകടാവസ്ഥയിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ഉല്‍സവ മഠത്തിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ 16 ലക്ഷം രൂപ ജില്ലാ കളക്ടറുടെ ഫണ്ടില്‍നിന്ന് കെ.എസ്.ഇ.ബിക്ക് അനുവദിക്കും.
പത്മതീര്‍ഥക്കുളത്തിലെ വെള്ളംവറ്റിക്കുന്നത് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നതായി യോഗം വിലയിരുത്തി. നാലു കാരണങ്ങള്‍ കണക്കിലെടുത്താണ് വെള്ളം വീണ്ടും വറ്റിക്കാന്‍ തീരുമാനിച്ചത്. പുനര്‍നിര്‍മ്മിക്കുന്ന ശിലകളുടെ അടിസ്ഥാനശിലകള്‍ ആര്‍ക്കിയോളജി വകുപ്പിന് പുതുതായി പരിശോധിക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണു കിടക്കുന്ന കല്‍മണ്ഡപത്തിന്റെ ഏതൊക്കെ കല്ലുകള്‍ പുന:സ്ഥാപിക്കാന്‍ ഉപയോഗിക്കാമെന്ന് മനസിലാക്കാന്‍ ഇവ വെള്ളത്തില്‍നിന്ന് കണ്ടെടുക്കാനുണ്ട്. പടിക്കെട്ടുകളുടേയും മറ്റ് കല്‍മണ്ഡപങ്ങളുടേയും അടിസ്ഥാന ശിലകള്‍ക്കും പത്മതീര്‍ഥത്തിന്റെ പടിഞ്ഞാറേ വന്‍മതിലിനും ഉണ്ടായ ബലക്ഷയവും വിശദമായി പഠിച്ച് ആര്‍ക്കിയോളജി വകുപ്പിന് സംരക്ഷണ പ്ലാന്‍ തയാറാക്കേണ്ടതുണ്ട്. കഴിഞ്ഞ ജൂണിലെ മഴക്കുശേഷം കിഴക്കേക്കോട്ടയിലെ വെള്ളപ്പൊക്കത്തില്‍ വളരെയധികം മാലിന്യങ്ങള്‍ കവിഞ്ഞൊഴുകി പത്മതീര്‍ഥത്തില്‍ എത്തിയിരുന്നു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി വീതികൂടിയ ഡ്രെയിനേജ് നിര്‍മിച്ചതിനാല്‍ ഇത്തരത്തിലുള്ള കവിഞ്ഞൊഴുകല്‍ ഇനി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ, വിവിധ സ്ഥലങ്ങളിലെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ എത്തുന്നത് തടയാന്‍ മറ്റ് മാര്‍ഗങ്ങള്‍ ആര്‍ക്കിയോളജി വകുപ്പ് കണ്‍സര്‍വേഷന്‍ കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മുഴുവന്‍ വെള്ളവും പമ്പ് ചെയ്ത് മാറ്റുന്നത്. കൂടാതെ, നവരാത്രി ഉല്‍സവകാലത്ത് എഴുന്നള്ളത്തില്‍ ദേവിയെ ആറാടിക്കുന്നത് കല്‍മണ്ഡപത്തില്‍വെച്ചല്ല, കല്‍പ്പടവില്‍വെച്ചാണെന്ന് രാജകുടുംബപ്രതിനിധി ആദിത്യവര്‍മ്മ യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, ജില്ലാ ജഡ്ജിയും ഭരണസമിതി ചെയര്‍പേഴ്‌സണുമായ വി. ഷിര്‍സി, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, രാജകുടുംബപ്രതിനിധി ആദിത്യവര്‍മ്മ, ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍, കണ്‍സര്‍വേഷന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ടി. സാബു, ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍, കണ്‍സര്‍വേഷന്‍ ചീഫ് എഞ്ചിനീയര്‍ വി.എസ്. സതീഷ്, നിര്‍മിതി കേന്ദ്ര ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍. ജയന്‍, ഡെപ്യൂട്ടി കമാന്റന്റ് ഓഫ് പോലീസ് ജെ. സുകുമാരപിള്ള, ക്ഷേത്ര മാനേജര്‍ ഡി. വേണുഗോപാല്‍, ബൈജു (നിര്‍മ്മിതി), നിര്‍മിതി കേന്ദ്ര പ്രോജക്ട് മാനേജര്‍ സനില്‍കുമാര്‍, എക്‌സ്പര്‍ട്ട് കമ്മിറ്റി മാനേജര്‍ ജി. വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post