പത്തനംതിട്ട: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ 658 ഭക്ഷണശാലകളില്‍ പരിശോധന നടത്തി. 66 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും രണ്ടെണ്ണം അടച്ചുപൂട്ടുകയും ചെയ്തു.
ഇലന്തൂരിലെ സോഡ നിര്‍മാണ യൂണിറ്റും കോയിപ്രത്തെ ഹോട്ടലുമാണ് അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതിനാലും 4000 രൂപ പിഴ ഈടാക്കി. 247 ഹോട്ടലുകള്‍, 172 കൂള്‍ബാറുകള്‍, 194 ബേക്കറികള്‍, ആറ് കാറ്ററിംഗ് യൂണിറ്റ്, 11 സോഡ നിര്‍മാണ യൂണിറ്റ്, ഒരു ഐസ് ഫാക്ടറി, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് 27 സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഡി.എം.ഒ ഡോ. ഗ്രേസി ഇത്താക്കിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ ഡെപ്യൂട്ടി ഡി.എം.ഒമാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post