തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തലസ്ഥാന ജില്ലയില്‍ 70 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 32 വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥരും വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമാണ് വനിതാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഒരുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ഉറപ്പാക്കുന്നവയായിരിക്കും മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍. എല്ലാ മണ്ഡലങ്ങളിലും അഞ്ചുവീതം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ സ്‌റ്റേഷനുകളിലും നിര്‍ബന്ധമാണ്. ഇതിനുപുറമേ, ബൂത്തുകളില്‍ തന്നെ കുടിവെള്ള സൗകര്യം, ക്യൂ നില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ കസേരകള്‍, ആവശ്യമായ ഫര്‍ണിച്ചറുകള്‍, വനിതകള്‍ക്ക് വിശ്രമമുറികള്‍ തുടങ്ങിയവ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉറപ്പാക്കും. വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വനിതകളായിരിക്കും. സുരക്ഷയ്ക്ക് വനിതാ കോണ്‍സ്റ്റബിള്‍മാരുമുണ്ടാകും. ഇതിനുപുറമേ, സി.എ.പി.എഫ് സേനയും സുരക്ഷയ്ക്ക് പിന്തുണയേകും. മാതൃകാബൂത്തുകളിലെ സൗകര്യങ്ങള്‍ക്ക് പുറമേ വനിതകള്‍ക്ക് വിശ്രമമുറികള്‍, ഫീഡിംഗ് റൂം തുടങ്ങിയവ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ആദ്യമായാണ് വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകള്‍ തയ്യാറാക്കുന്നത്. മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ നേരത്തെ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്രയും കേന്ദ്രങ്ങളില്‍ ആദ്യമായാണ്. മാതൃകാ, വനിതാ പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന്റെ ഒരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിരവധി തവണ വിലയിരുത്തിയിരുന്നു. റാമ്പുകള്‍ ഇല്ലാത്ത പോളിംഗ് സ്‌റ്റേഷനുകളില്‍ അവ ഒരുക്കാനുള്ള നടപടികളും ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്.
Discussion about this post