
കൊച്ചി: കേരളത്തില്‍ ഇടത്‌വലതു മുന്നണികള്‍ ഒന്നാണെന്നും രണ്ടാണെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി മോഡി പറഞ്ഞു. തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാവിക്ക് താമര ചിഹ്നത്തില്‍ വോട്ടുചെയ്യണമെന്നാഹ്വാനം ചെയ്ത അദ്ദേഹം ഒരിക്കല്‍ ബിജെപിക്ക് ഭരണാവസരം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തില്‍ ഇടതും വലത്തും മുന്നണികളുണ്ട്. അവര്‍ രണ്ടല്ല, ഒന്നാണ്. നിങ്ങളെ കബളിപ്പിക്കാന്‍ രണ്ടാണെന്നു പറയുകയാണ്. ഇവര്‍ ഡല്‍ഹിയില്‍ ഒന്നിക്കുന്നു. ഇവര്‍ തമ്മില്‍ ധാരണയിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ആവശ്യം വരുമ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ സഹായിക്കുന്നു. ബംഗാളില്‍ അവര്‍ സഖ്യത്തിലാണ്. ഇവിടത്തെ കാര്യം നോക്കൂ, അഞ്ചുവര്‍ഷം ഇടതര്‍ സംസ്ഥാനത്തെ ഭരിച്ച് കൊള്ളയടിക്കുന്നു, അടുത്ത അഞ്ചുവര്‍ഷം കോണ്‍ഗ്രസിന് കൊള്ളയടിക്കാന്‍ അവസരം നല്‍കുന്നു. ഒരുകൂട്ടര്‍ മാറി മറ്റേക്കൂട്ടര്‍ അധികാരത്തില്‍ വന്നാല്‍ മുന്‍ വര്‍ഷത്തെ അഴിമതിക്കാരെ ശിക്ഷിച്ച് ജയിലിലടയ്ക്കുന്നുണ്ടോ. ഇല്ല, എന്തുകൊണ്ടാണ് അതു ചെയ്യാത്തത്. അവര്‍ നാടകം കളിയ്ക്കുകയാണ്, മോഡി വിശദീകരിച്ചു.
മലയാളികള്‍ എത്ര വിദ്യാഭ്യാസമുള്ളവരാണ്, ബുദ്ധിശാലികളാണ്, അദ്ധ്വാനശീലരാണ്. ലോകത്തെവിടെയും നിങ്ങളുടെ പേരു വിളങ്ങി നില്‍ക്കുന്നു. പക്ഷേ നിങ്ങളുടെ നാട്ടിലോ. ഇടത് വലത് മുന്നണികള്‍ നിങ്ങളെ വിഡ്ഢികളാക്കുന്നു. എന്തുകൊണ്ട് നിങ്ങള്‍ക്ക് അതു തിരിച്ചറിയാന്‍ കഴിയുന്നില്ല, മോഡി ചോദിച്ചു.കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജനങ്ങള്‍ നല്ല പിന്തുണ നല്‍കി. പല പഞ്ചായത്തിലും ബിജെപി അധികാരത്തിലെത്തി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു വന്നിരിക്കുന്നു, അവര്‍ ബിജെപിക്കെതിരേ ഒന്നിച്ചിരിക്കുകയാണ്. അതു നിങ്ങള്‍ തിരിച്ചറിയണം, മോഡി പറഞ്ഞു.
ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിയ്ക്കുകയാണ്. ഇത്തവണ ബിജെപിക്ക് അവസരം നല്‍കൂ, അതോടെ ഇവരുടെ കള്ളക്കളി പൊളിച്ച് നിങ്ങള്‍ക്കു മുന്നില്‍ കാണിച്ചുനല്‍കാം, അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ തന്നെ ഭാവി മാറ്റാന്‍ ശക്തിയുള്ളവരാണ് കേരളത്തിലുള്ളത്. പക്ഷേ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആഹാരം തേടി അവരുടെ നാടുവിട്ട് വിദേശങ്ങളില്‍ പോകേണ്ട അവസ്ഥയാണുള്ളത്. കേരളത്തിലുള്ളവര്‍ക്ക് ഇവിടെ ജോലി നല്‍കണമെങ്കില്‍ അതനുസരിച്ചുള്ള വികസനം കേരളത്തിലുണ്ടാവണം. അതുണ്ടാകണമെങ്കില്‍ കാഴ്ചപ്പാടു വേണം. അതിനുതകുന്നതാണ് എല്ലാവര്‍ക്കുമൊപ്പം നിന്ന് എല്ലാവരുടെയും വികാസം എന്ന മുദ്രാവാക്യം, മോഡി പറഞ്ഞു.
കേരളത്തിന്റെ ഭാഗ്യം നിങ്ങളുടെ വിരല്‍ത്തുമ്പിലാണ്; മെയ് 16ന് വോട്ടിങ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ആ വിരലിലാണ് കേരളത്തിന്റെ ഭാവിയും ഭാഗ്യവുമെന്ന് ഓര്‍ക്കണം. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, ആ ഭാഗ്യം നിര്‍ണ്ണയിക്കാന്‍, താമരക്ക്, വികസനത്തിന് വോട്ടുകുത്തുക. കേരളത്തിന്റെ ഭാഗ്യ വിധാതാവാകുകയാണ് ബിജെപി എന്നതിന്റെ സൂചനയാണ് ഈ മഹാസമ്മേളനം അദ്ദേഹം പറഞ്ഞു.
Discussion about this post