തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു മെച്ചപ്പെട്ട പോളിംഗ്. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ട് ചെയ്തു. അങ്ങിങ്ങ് ഉണ്ടായ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പു പൊതുവേ സമാധാനപരമായിരുന്നു.
വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു, ഇതിന്റെ കണക്കുകള്‍ കൂടി കൂട്ടിയപ്പോഴാണ് അവസാന കണക്കുകള്‍ പ്രകാരം പോളിംഗ് 77.35 ശതമാനം ആയത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.98 ആയിരുന്നു വോട്ടിംഗ് ശതമാനം.
രാവിലെ ഏഴിന് വോട്ടിംഗ് ആരംഭിച്ചപ്പോള്‍ സംസ്ഥാനത്തു വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല്‍, പിന്നീട് വോട്ടിംഗ് മന്ദഗതിയിലായി. ഇത്തവണ ആറു വരെയായിരുന്നു വോട്ടിംഗ് സമയം. നിലവിലെ കണക്കുകളനുസരിച്ച് ചേര്‍ത്തല മണ്ഡലത്തിലാണ്് ഏറ്റവും ഉയര്‍ന്ന പോളിംഗ് 86.30 ശതമാനം.
വോട്ടെടുപ്പ് നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 28.40 ശതമാനമായിരുന്നു പോളിംഗ്. ഉച്ചയ്ക്ക് ഒന്നായപ്പോള്‍ ഇത് 43.88 ശതമാനമായി. ഉച്ചകഴിഞ്ഞു മൂന്നിന് 57.54 ശതമാനവും വൈകുന്നേരം അഞ്ചിന് 70.35 ശതമാനവുമായി ഉയര്‍ന്നു. വൈകുന്നേരം ആറിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വോട്ടിംഗ് ശതമാനം 71.7 ശതമാനമായിരുന്നു.
Discussion about this post