തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ച ഒ. രാജഗോപാല്‍ ആദ്യ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചെയ്തത്. നേമം നിയോജക മണ്ഡലത്തില്‍ നിന്ന് 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
ഈ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ബി.ജെ.പി നേതാക്കളടക്കം നിരവധി പ്രമുഖര്‍ നിയമസഭാമന്ദിരത്തിനുള്ളില്‍ ഇടംപിടിച്ചിരുന്നു. ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ വി. മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, എം.ടി.രമേഷ്, വി.വി .രാജേഷ് ,ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തി.
ബിജെപി നേതാക്കള്‍ക്ക് നിയമസഭയില്‍ കയറണമെങ്കില്‍ സന്ദര്‍ശക പാസ് വേണമെന്നതിന്റെ മറുപടിയാണിതെന്നും ബിജെപി അംഗത്തിന്റെ സത്യപ്രതിജ്ഞയില്‍ സന്തോഷമുണ്ടെന്നും ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു.
പതിനാലാം നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒമ്പത് മണിയോടെ ദേശീയ ഗാനത്തോടെയാണ് തുടക്കം കുറിച്ചത്. വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ദൈവനാമത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
Discussion about this post