തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ പി. ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച രാവിലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പൊന്നാനി എംഎല്‍എ ശ്രീരാമകൃഷ്ണനു 92 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ വോട്ടു ചെയ്‌തെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പി.സി. ജോര്‍ജ് എംഎല്‍എയുടെ വോട്ട് അസാധുവായി. യുഡിഎഫ് എംഎല്‍എമാരില്‍ ഒരാളുടെ വോട്ടും അസാധുവായി.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൗണ്ടിംഗ് ഏജന്റുമാരായ എ. പ്രദീപ്കുമാറിന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണിയത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. വേട്ടെണ്ണലിനു ശേഷം പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തതായി പ്രോം ടേം സ്പീക്കര്‍ എസ്. ശര്‍മ പ്രഖ്യാപിച്ചു.
സഭയില്‍ എല്‍.ഡി.എഫിന് 91 ഉം യുഡി.എഫിന് 47ഉം എം.എല്‍.എമാരുമാണുള്ളത്. 91 പേരുടെ പിന്തുണയുള്ളതിനാല്‍ സ്വാഭാവികമായും പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകുമെന്ന് ഉറപ്പായിരുന്നു. യു.ഡി.എഫിന്റെ ഒരു വോട്ട് എല്‍.ഡി.എഫിന് ലഭിച്ചുവെന്നാണ് കരുതുന്നത്. ഒ രാജഗോപാലിന്റെ വോട്ടും എല്‍.ഡി.എഫിന് ലഭിച്ചതായാണ് സൂചന. പ്രോ ടേം സ്പീക്കറായ എസ്.ശര്‍മ്മ വോട്ടു ചെയ്യാത്തതിനാല്‍ 90 വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 92 വോട്ടുകള്‍ ലഭിച്ചു. രണ്ടു വോട്ടുകള്‍ അധികമായി എല്‍ഡിഎഫിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.
സ്പീക്കറായി തെരഞ്ഞെടുത്ത ശ്രീരാമകൃഷണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കറുടെ ഇരിപ്പടത്തിലേയ്ക്ക് ആനയിച്ചു. ഇതിനു ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളും പുതിയ സ്പീക്കറെ അഭിനന്ദിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 24 മുതല്‍ വീണ്ടും സമ്മേളിക്കും.
Discussion about this post