തിരുവനന്തപുരം: ഏകജാലകരീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 13 ന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും ജനന തീയതിയും ജില്ലയും നല്‍കി ട്രയല്‍ ഫലം പരിശോധിക്കാം.
അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ നിന്നും ട്രയല്‍ റിസല്‍ട്ട് ജൂണ്‍ 14 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. അപേക്ഷാ വിവരം പരിശോധിക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി ജൂണ്‍ ആറു വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റിനു ശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താം. തിരുത്തലിനുള്ള അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
ഇനിയും കൗണ്‍സിലിംഗിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സിലിംഗ് സമിതിക്ക് മുന്നില്‍ ജൂണ്‍ 14നകം പരിശോധനക്ക് ഹാജരാക്കി റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അവ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്നതിന് അവസാന അവസരം നല്‍കും. ജൂണ്‍ 14 ന് വൈകിട്ട് നാലു മണിക്കുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. എല്ലാ അപേക്ഷകരും ട്രയല്‍ റിസല്‍ട്ട് പരിശോധിക്കേണ്ടതാണെന്നും ഇതിനായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു
Discussion about this post