തിരുവനന്തപുരം: കേരളത്തിലെ ചില കലാലയങ്ങള്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അവയിലൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിന്റ ശതോത്തര സുവര്‍ണജൂബിലി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളും ചില പ്രത്യേക വിഷയങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ കേന്ദ്രങ്ങളാകണം. സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസരംഗത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വന്‍തോതില്‍ വളര്‍ച്ച നേടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിന്റെ വികസനത്തിനും, അഭിവൃദ്ധിക്കും പണം തടസമായി വരില്ല. സര്‍ക്കാര്‍ സഹായത്തിനൊപ്പം ഇത് സംബന്ധിച്ച് മറ്റ് മേഖലകളില്‍ നിന്നുള്ള സഹായവും സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ആധുനികവത്കരണം പ്രധാനപ്പെട്ടതാണെന്നും, മൗലിക സങ്കല്പങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുവേണം ആധുനികവത്കരണം നടപ്പാക്കേണ്ടതെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖല ജനകീയമാക്കുകയും ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തുംവിധം ചിട്ടപ്പെടുത്തുകയും വേണം. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ.
സംസ്ഥാനത്തെ പൊതു, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ പ്രശ്‌നങ്ങളിലൂടെയും, പ്രതിസന്ധികളിലൂടെയുമാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇവ തരണം ചെയ്യുക അടിയന്തര കടമയാണ്. കേരളത്തെ ഇന്നത്തെ നിലയിലുള്ള കേരളമാക്കി മാറ്റിയത് തനിമയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ്. അതിന് നിരവധി ക്ഷതങ്ങള്‍ ഏറ്റുകൊണ്ടിരിക്കുന്നു. അടിസ്ഥാന കാരണം വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മാറ്റമാണ്. കച്ചവടവത്കരണവും വര്‍ഗീയവത്കരണവും അവസാനിപ്പിച്ച് വിദ്യാഭ്യാസരംഗത്ത് മൗലിക മൂല്യങ്ങള്‍ തിരികെ കൊണ്ടുവന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടക്കമുള്ളവയ്ക്ക് പരിഹാരം കാണാനാകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എന്‍.എസ്. മാധവന്‍, ലെനിന്‍ രാജേന്ദ്രന്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം.എസ്. വിനയചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയും അധ്യാപകനുമായിരുന്ന ഒ.എന്‍.വി കുറുപ്പിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സൂര്യഗീതം ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോളേജ് വളപ്പിലുണ്ടായിരുന്ന മുത്തശ്ശിമാവിന്റെ സ്മരണാര്‍ത്ഥം മുഖ്യമന്ത്രി കോളേജില്‍ നാട്ടുമാവിന്‍ തൈ നട്ടു.
Discussion about this post