തിരുവനന്തപുരം: ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ടം വികസിപ്പിക്കാന്‍ മുത്തൂറ്റ് 9.37 ഏക്കറില്‍ സ്ഥാപിക്കുന്ന ഐടി പാര്‍ക്കിന്റെ ഉടമ്പടി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഋഷികേശ്‌നായര്‍, ജോര്‍ജ്അലക്‌സാണ്ടര്‍ എന്നിവരാണ് ഉടമ്പടി കൈമാറ്റം നടത്തിയത്.
ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ടം വികസനത്തിന്റെ ആദ്യഘട്ടം 2018 ഓടെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. പത്തുലക്ഷം ചതുരശ്ര അടിയിലാണ് കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ആദ്യഘട്ടത്തില്‍ 8000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് ഐടി പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍, ജോര്‍ജ് ജേക്കബ്, ജോര്‍ജ്ജ് വര്‍ഗീസ്, ഇന്‍ഫോപാര്‍ക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ രാജീവന്‍ എന്നിവരും സന്നിഹിതരായിരുന്നു.












