ബംഗളുരു: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ്സ് പോര്‍വിമാനം ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച പോര്‍ വിമാനങ്ങള്‍ ബംഗ്ലൂരുവില്‍ നടന്ന ചടങ്ങിലാണ് വ്യോമസേനയ്ക്ക് സമര്‍പ്പിച്ചത്.
ചെറു പോര്‍ വിമാനങ്ങളുടെ ഗണത്തില്‍പ്പെട്ട വിമാനമാണ് തേജസ്. ഫ്‌ലയിങ്ങ് ഡാഡേര്‍സ് 45 എന്ന് പേരിട്ട രണ്ടു തേജസ് വിമാനങ്ങളാണ് ഇന്ന് ബംഗ്ലൂരുവില്‍ നടന്ന ചടങ്ങില്‍ വ്യോമസേനയുടെ ഭാഗമായത്. എയര്‍ മാര്‍ഷല്‍ ജസ്ബീര്‍ വാലിയയുടെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് തെളിയിച്ച് തേജസ് വിമാനങ്ങളുടെ അഭ്യാസ പ്രകടനം ചടങ്ങുകളുടെ ഭാഗമായി നടന്നു.
2003 ല്‍ നടന്ന പരീക്ഷണ പറക്കലിന് സാക്ഷ്യം വഹിച്ച അന്നത്തെ പ്രധാനമന്ത്രി അടല്ബിഹാരി വാജ്‌പേയിയാണ് വിമാനത്തിന് തേജസ് എന്ന പേര് നിര്‍ദ്ദേശിച്ചത്.ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് തേജസ് വിമാനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 1350 കിലോ മീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കാവുന്ന തേജസ്സിന് കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള പ്രത്യേക കഴിവുണ്ട്.
മൂവായിരത്തിലധികം പരിശീലന പറക്കലുകള്‍ നടത്തിയതിനു ശേഷമാണ് തേജസ് വിമാനം സേനയുടെ ഭാഗമാകുന്നത്. തേജസ്സിന്റെ പ്രഹരശേഷി പരിശോധിക്കാന്‍ പൊഖ്‌റാനില്‍ വച്ചു നടന്ന കഠിന പരീക്ഷണങ്ങളും വിജയകരമായിരുന്നു.
Discussion about this post