തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും കുടുംബങ്ങള്‍ ഉള്‍പ്പെടെ കാണാതായ സംഭവങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. കാണാതായവര്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നെന്നു സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണു തീരുമാനം.
പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി അഞ്ചു പേരെക്കൂടി കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം, കാണാതായ സംഭവങ്ങളില്‍ യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തി കേസ് എടുത്ത ശേഷമായിരിക്കും എന്‍ഐഎക്കു കൈമാറുക.
വിവിധ പോലീസ് സ്റ്റേഷനുകളിലായി 22 പരാതികളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ചില പരാതിക്കാര്‍ തങ്ങളുടെ മക്കള്‍ ഐഎസില്‍ ചേര്‍ന്നതായി സംശയമുണെ്ടന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഇവര്‍ കൈമാറിയിരുന്നു.
വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) മലയാളികള്‍ ചേര്‍ന്നിട്ടുണെ്ടന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് ദേശീയ ഏജന്‍സിക്ക് കൈമാറാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്റലിജന്‍സ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്ന എഡിജിപി ആര്‍. ശ്രീലേഖ ഇക്കാര്യം ഔദ്യോഗികമായി എന്‍ഐഎയെ അറിയിക്കും. കേന്ദ്രത്തില്‍നിന്നു ചില നിര്‍ണായക വിവരങ്ങള്‍ ശ്രീലേഖയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസും സമാന്തര അന്വേഷണം നടത്തണമെന്ന നിര്‍ദേശവും കേന്ദ്ര ഏജന്‍സികള്‍ കൈമാറിയിട്ടുണ്ട്.
അങ്ങിനെയിരിക്കെ തിരുവനന്തപുരത്തു നിന്നും കാണാതായ ഫാത്തിമ നിമിഷയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി വിജയന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി. ഫാത്തിമയുടെ അമ്മ ബിന്ദുവിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി, യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു.
Discussion about this post