ട്യൂണിസ്: ഉത്തര ആഫ്രിക്കന്‍ രാജ്യമായ ട്യൂണീസിയയില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു. അതേസമയം, അടിയന്തരാവസ്‌ഥ തുടരുകയാണ്.
രണ്ടു ദശകത്തിലേറെയായി ട്യൂണീസിയയെ ഉരുക്കുമുഷ്‌ടിയില്‍ നിര്‍ത്തിയിരുന്ന ഏകാധിപതി സൈനുല്‍ ആബ്‌ദീന്‍ ബെന്‍ അലിയുടെ ഭരണത്തിനെതിരെയാണു കഴിഞ്ഞമാസം ട്യുണീസിയയില്‍ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ അലി രാജ്യം വിടുകയും സൗദി അറേബ്യയില്‍ അഭയം തേടുകയും ചെയ്‌തിരുന്നു. രാജ്യത്ത് ഇപ്പോള്‍ സ്‌ഥിതി ശാന്തമായതായാണു പുതിയ റിപ്പോര്‍ട്ടുകള്‍. അലി രാജ്യം വിട്ടതിനെ തുടര്‍ന്നു താല്‍ക്കാലിക പ്രസിഡന്റായി രംഗത്തു വന്ന പ്രധാനമന്ത്രി മുഹമ്മദ് ഗനൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യം സുസ്‌ഥിരമാക്കാനുളള ശ്രമങ്ങളില്‍ ഒരു പരിധി വരെ വിജയിച്ചു.
ട്യൂണീസിയയില്‍ ബെന്‍ അലി, 1987 മുതല്‍ ഏകാധിപത്യ ഭരണം നടത്തിവരികയായിരുന്നു. പട്ടിണിയും സ്വേച്‌ഛാധിപത്യവും കൊണ്ടു വീര്‍പ്പുമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ അടിച്ചമര്‍ത്തലും വെടിവയ്‌പും കൊണ്ട് അതിനു തടയിടാനാണ് അലി ശ്രമിച്ചത്. എന്നിട്ടും ജനമുന്നേറ്റത്തെ തടുത്തുനിര്‍ത്താനാകാതെ വന്നപ്പോഴാണ് രാജ്യത്തു കര്‍ഫ്യുവും അടിയന്തരാവസ്‌ഥയും പ്രഖ്യാപിച്ചു രക്ഷപ്പെടാന്‍ അവസാനവട്ടം ശ്രമം നടത്തിയത് എന്നിട്ടും നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണു രാജ്യം വിട്ടത്.
Discussion about this post