ആലപ്പുഴ: ശബരിമല മകരവിളക്കിന് മുന്നോടിയായി ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന റോഡുകളുടെ കൂട്ടത്തില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ പുതുതായി ഉള്‍പ്പെടുത്തിയ ജില്ലയില്‍ നിന്നുള്ള മൂന്നു റോഡുകളുടെ നിലവിലെ സ്ഥിതി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച പരിശോധിച്ചു.
പരിശോധനാ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പു മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. അമ്പലപ്പുഴ-തിരുവല്ല, ആലപ്പുഴ-ചങ്ങനാശ്ശേരി, കായംകുളം- ചെങ്ങൂര്‍ റോഡുകളാണ് മന്ത്രി ശബരിമല സീസണിന്റെ ഭാഗമായുള്ള നിര്‍മ്മാണപ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ എ.സി.റോഡിന്റെ അറ്റകുറ്റപ്പണികള്‍ കെ.എസ്.ഡി.പി.യാണ് നിര്‍വഹിക്കുക. അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ ടെന്‍ഡര്‍ ജോലികള്‍ ഓഗസ്റ്റ് 15 ന് മുമ്പ് തീര്‍ക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുടിവെള്ള പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ച റോഡിലെ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ റോഡ് നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 50 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കായംകുളം-ചെങ്ങന്നൂര്‍ റോഡില്‍ കായംകുളം-കുറ്റിത്തെരുവ്, കുറ്റിത്തെരുവ്-മിച്ചല്‍ ജങ്ഷന്‍, മിച്ചല്‍ ജങ്ഷന്‍- ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലായി മോശപ്പെട്ട ഭാഗങ്ങളില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉപരിതലം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മ്മാണം തുടങ്ങുന്ന റോഡുകള്‍ക്ക് പണം അനുവദിക്കുന്നതിന് മുന്‍പായി ഇപ്പോഴത്തെ അവസ്ഥ അതത് ജില്ലാകളക്ടര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ജില്ലാകളക്ടര്‍, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍, സാധിക്കുമെങ്കില്‍ എം.എല്‍.എമാരെയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളെയോ ഉള്‍പ്പെടുത്തി റോഡിന്റെ അവസ്ഥ വിലയിരുത്താനായിരുന്നു നിര്‍ദ്ദേശം.
Discussion about this post