ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈയില്‍നിന്ന് ആന്‍ഡമാനിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവശിഷ്ടങ്ങള്‍ ലഭിച്ച കാര്യം വ്യോമസേനാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
29 പേരുമായി കാണാതായ വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന തിരച്ചില്‍ പ്രവര്‍ത്തനത്തില്‍ 12 വിമാനങ്ങളും 13 കപ്പലുകളും പങ്കെടുക്കുന്നു. ആറു വിമാനജീവനക്കാര്‍, ഒരു ഓഫീസറുള്‍പ്പടെ 11 വ്യോമസേനാംഗങ്ങള്‍, രണ്ടു കരസേനാംഗങ്ങള്‍, ഒരു തീരസംരക്ഷണസേനാംഗം, നാവികസേനക്കാരുടെ കുടുംബാംഗങ്ങളായ എട്ടുപേര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ കോഴിക്കോട് കോട്ടൂപ്പാടം സ്വദേശിയായ വിമല്‍ (30), കാക്കൂര്‍ സ്വദേശി സജീവ്കുമാര്‍ (37) എന്നീ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.
കാണാതായ വിമാനത്തിന് ഈമാസം മാത്രം മൂന്നുതവണ സാങ്കേതികത്തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്‌ളെയറിലേക്ക് സൈനികരെയും അവര്‍ക്കുള്ള സാധനസാമഗ്രികളുമായി ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന വിമാനമാണ് കാണാതായത്. തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെ സഹായിക്കുന്നതിനായി ശ്രീലങ്കയും മലേഷ്യയും സിംഗപ്പൂരും ഒപ്പമുണ്ട്.
Discussion about this post