ആലപ്പുഴ: ദേശീയ ഗെയിംസിനായി റോഡ് സൗകര്യമടക്കം ഏര്‍പ്പെടുത്തിയതുപോലെ നെഹ്‌റു ട്രോഫി ജലമേളയ്ക്കായി സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഒരുക്കം ഒരു വര്‍ഷം മുമ്പേ തുടങ്ങണമെന്നും ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ കളക്‌ട്രേറ്റില്‍ നടന്ന നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരവേദിയിലെയും ട്രാക്കിന്റെ ഇരുകരകളിലുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. വിനോദസഞ്ചാരവികസനവുമായി ബന്ധപ്പെടുത്തി ജലമേളയെ കാണണം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധം നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. ജലമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ നടപ്പാക്കണം.
നെഹ്‌റു ട്രോഫിയുമായി ബന്ധപ്പെട്ട കണക്കുകള്‍ സെപ്റ്റംബറില്‍ തന്നെ സമര്‍പ്പിക്കണം. ഈ ജലമേള കഴിഞ്ഞാലുടന്‍ അടുത്ത ജലമേളയ്ക്കുള്ള ഒരുക്കം തുടങ്ങണം. അടുത്ത ജൂലൈ വരെ കാത്തിരിക്കരുത്മന്ത്രി പറഞ്ഞു. വിശിഷ്ടാതിഥിയായി എത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി പറഞ്ഞു. നെഹ്‌റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിന് പ്ലാന്‍ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് പറഞ്ഞു. സാംസ്‌കാരിക പരിപാടികള്‍ക്കായി ഈ തുക വിനിയോഗിക്കാന്‍ അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post