
ഫോട്ടോ: പുണ്യഭൂമി
തിരുവനന്തപുരം/കൊച്ചി: കര്‍ക്കടകവാവ് ദിനത്തില്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടാന്‍ പുണ്യതീര്‍ഥങ്ങളിലേക്ക് ആയിരക്കണക്കിനു ഭക്തരാണ് ഒഴുകിയെത്തിയത്. ദേവസ്വം ബോര്‍ഡും വിവിധ ഹൈന്ദവ സംഘടനകളും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. തിരുവനന്തപുരത്തു തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ തന്നെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
പിതൃപ്രീതിക്കായി ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രസിദ്ധമായ ആലുവ ശിവരാത്രി മണപ്പുറത്തെത്തിയ പതിനായിരങ്ങള്‍ പൂര്‍ണാനദിയില്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് തിലഹവന നമസ്‌കാരവും ബലിതര്‍പ്പണവും ആരംഭിച്ചത്. തര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെ തുടരും. പെരിയാറിന്റെ തീരത്തുള്ള മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അമ്പതോളം ബലിത്തറകള്‍ ഒരുക്കിയിരുന്നു. മണപ്പുറത്തിന് അക്കരെയുള്ള ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടായിരുന്നു.
പെരിയാറിന് കുറുകെ കൊട്ടരക്കടവില്‍ നിന്നും സ്ഥാപിച്ച സ്ഥിരം നടപ്പാലം വന്നതിനുശേഷമുള്ള ആദ്യ കര്‍ക്കടകവാവു ബലിതര്‍പ്പണമാണ് ഇത്തവണ നടന്നത്. മണപ്പുറം മഹാദേവക്ഷേത്രത്തില്‍ നടന്ന പിതൃമോക്ഷ കര്‍മങ്ങള്‍ക്കും തിലഹവന നമസ്‌കാരത്തിനും മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ആശ്രമത്തിലെ തര്‍പ്പണം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തിലായിരുന്നു.
ആലുവ പുഴയിലെ ജലനിരപ്പ് ഉയരാതിരുന്നത് ബലിതര്‍പ്പണത്തിന് ഏറെ ഗുണംചെയ്തു. ദേശീയപാതയിലും നഗരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ 300 പോലീസ് ഉദ്യോഗസ്ഥരാണ് ക്രമസമാധാന പാലനം ഏറ്റെടുത്ത് നിയന്ത്രിച്ചത്. അഗ്നിശമനസേനയുടെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായവും മണപ്പുറത്തുണ്ടായിരുന്നു. ആംബുലന്‍സ് അടക്കമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കെഎസ്ആര്‍ടിസി പ്രധാന ഡിപ്പോകളില്‍ നിന്നും പ്രത്യേക ബസ് സര്‍വീസും നടത്തി. ഓര്‍മകള്‍ക്കു ബലിയര്‍പ്പിച്ച് ഭക്തജനങ്ങള്‍ ഉച്ചയോടെ മടങ്ങും.
മാവേലിക്കരയില്‍ കണ്ടിയൂര്‍ ആറാട്ടുകടവില്‍ ദേവസ്വം ബോര്‍ഡിന്റെയും നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും നേതൃത്വത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പുലര്‍ച്ചെ മൂന്നിനാണ് ഇവിടെ തര്‍പ്പണം തുടങ്ങിയത്. രാവിലെ 10 ഓടെ അവസാനിച്ചു. നഗരസഭയുടെ സഹായ കൗണ്ടറും സ്ഥലത്തുണ്ടായിരുന്നു. വഴുവാടി കിരാതന്‍ കാവിലും, മറ്റം നരസിംഹസ്വാമി ക്ഷേത്രത്തിലും, വിശ്വബ്രഹ്മ വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ പ്രായിക്കരയിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
ചെങ്ങന്നൂര്‍ മിത്രക്കടവില്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണം നടത്തിയത്. പുലര്‍ച്ചെ നാല് മുതല്‍ ബലിതര്‍പ്പണങ്ങള്‍ ആരംഭിച്ചു. മിത്രമഠം കടവ്, വളഞ്ഞവട്ടം കീച്ചേരിക്കടവ്, മുണ്ടന്‍കാവ് ആറാട്ടുകടവ്, ഇടനാട് പള്ളിയോടക്കടവ് എന്നിവിടങ്ങളില്‍ ബലിതര്‍പ്പണങ്ങള്‍ നടന്നു.
Discussion about this post