വല്ലാര്‍പാടം: വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ തൊഴില്‍ തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതിനിടയില്‍, വ്യാഴാഴ്ച രാത്രിയോടെ ‘ഒഇഎല്‍ ദുബായ്’ എന്ന കപ്പല്‍ ടെര്‍മിനലില്‍ അടുപ്പിച്ചു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഐലന്‍ഡിലെ പഴയ ടെര്‍മിനലില്‍ നിന്ന് കപ്പല്‍ വല്ലാര്‍പാടത്തേക്ക് മാറ്റിയത്. റിലേ ഷിപ്പിങ് കമ്പനിയാണ് കപ്പലിന്റെ ഏജന്റ്. ഇവരുടെ ഐലന്‍ഡിലെ ഓഫീസിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
വല്ലാര്‍പാടം ടെര്‍മിനലില്‍ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കം പരിഹരിക്കാത്തതിനാല്‍, ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചയായിട്ടും കപ്പല്‍ വല്ലാര്‍പാടത്ത് അടുപ്പിക്കാനോ ജോലി നടത്താനോ കഴിയാത്ത സ്ഥിതിയായിരുന്നു. പഴയ ടെര്‍മിനലില്‍ സ്വകാര്യ പൂളില്‍ ജോലി ചെയ്തുവന്ന തൊഴിലാളികള്‍ക്ക് വല്ലാര്‍പാടത്ത് തൊഴില്‍ നല്‍കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചെങ്കിലും വേതനം സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. ഇത് പരിഹരിക്കാതെ, ഐലന്‍ഡിലെ തൊഴിലാളികളെ വല്ലാര്‍പാടത്ത് നിയോഗിക്കാനാവില്ലെന്ന നിലപാടിലാണ് കപ്പല്‍ കമ്പനികള്‍.
ഇതിനിടയില്‍ തൊഴിലാളി സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടാകുന്നതായി കപ്പല്‍ കമ്പനികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തുറമുഖട്രസ്റ്റ് പോലീസിന്റെ സഹായം തേടുകയായിരുന്നു.വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിന് ഗുജറാത്തില്‍ നിന്ന് വിദഗ്ദ്ധ തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ ജോലികള്‍ നടത്തുന്നതിന്, വല്ലാര്‍പാടം ടെര്‍മിനലിലെ കരാറുകാര്‍ മുന്‍കൂട്ടി തൊഴിലാളികളെ എത്തിക്കുകയായിരുന്നു. തൊഴില്‍ തര്‍ക്കം പരിഹരിക്കുന്ന കപ്പല്‍ ഏജന്റുമാര്‍ തന്നെയാണ് മുന്‍കൈ എടുത്തത്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, നഷ്ടം ഒഴിവാക്കുന്നതിന് വല്ലാര്‍പാടത്തേക്ക് കപ്പല്‍ കൊണ്ടുപോകാന്‍ കപ്പല്‍ ഏജന്റുമാരുടെ യോഗം തീരുമാനിക്കുകയായിരുന്നു.
ഒ.ഇ.എല്‍ ദുബായ് എന്ന കപ്പല്‍ 17 ദിവസംമുമ്പ് കൊച്ചിയില്‍ എത്തിയതാണ്. വല്ലാര്‍പാടത്ത് ആദ്യം അടുപ്പിച്ച കപ്പലും ഇതാണ്. കപ്പല്‍ കൊച്ചിയില്‍ കിടന്നുപോയതിനാല്‍ കോടികളുടെ നഷ്ടമാണ് കപ്പല്‍ ഏജന്റിനുണ്ടായിട്ടുള്ളത്. വല്ലാര്‍പാടത്ത് ഇറക്കുന്നതിനുള്ള 583 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ കയറ്റേണ്ട 465 കണ്ടെയ്‌നറുകള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ വല്ലാര്‍പാടത്ത് എത്തിച്ചിരുന്നു.
ഇതിനിടയില്‍ വല്ലാര്‍പാടത്ത് അടുക്കേണ്ട ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്ന കപ്പല്‍, വ്യാഴാഴ്ച രാവിലെ കൊളംബോയിലേക്ക് പുറപ്പെട്ടു.
വല്ലാര്‍പാടത്ത് ഇറക്കേണ്ടിയിരുന്ന 300 ഓളം കണ്ടെയ്‌നറുകള്‍ ഈ കപ്പലിലുണ്ട്. ഇവ കൊളംബോയിലിറക്കും.
ഒ.ഇ.എല്‍ വിക്ടറി, ഒ.ഇ.എല്‍ ശ്രേയസ്സ്, ജിന്താള്‍ മീനാക്ഷി തുടങ്ങിയ കപ്പലുകള്‍ പുറങ്കടലില്‍ ഊഴംകാത്ത് കഴിയുകയാണ്. വല്ലാര്‍പാടത്ത് രാത്രി തന്നെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post