ട്രിപളി:ഈജിപ്ത്,ടനീഷ്യഈജിപ്ത് എന്നിവിടങ്ങളിലെ സര്‍വാധിപത്യ ഭരണകൂടങ്ങളെ കടപുഴക്കിയ ജനകീയ പ്രക്ഷോഭങ്ങളുടെ അഗ്‌നി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ഭരണ സിരാകേന്ദ്രങ്ങളില്‍ ആശങ്ക പടരുന്നു. പ്രക്ഷോഭകരെ സുരക്ഷാസേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
ലിബിയന്‍ പ്രസിഡന്റ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രകടനം നടത്തിയവര്‍ക്ക് നേരെയുണ്ടായ സൈനിക വെടിവെപ്പില്‍ നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 14 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി പ്രതിഷേധക്കാരെ സൈന്യം അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച് റിപ്പോര്‍ട്ട് ചെയ്തു.ലിബിയയിലെ നാലു പ്രമുഖ നഗരങ്ങളില്‍ വ്യാഴാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. അതേസമയം, ഗദ്ദാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ തലസ്ഥാന നഗരിയില്‍ സമാന്തര പ്രകടനം നടത്തി.
യമനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സമരക്കാരും പൊലീസുകാറും തമ്മിലുള്ള ഉന്തിനും തള്ളിനുമിടയില്‍ സമീപത്തെ കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഏദന്‍ ഹാഷിമി സ്‌ക്വയറില്‍ ആണ് സംഭവം. വെടിവെപ്പില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു
സന്‍ആയിലും സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ തുടരുന്നുണ്ട്.പ്രസിഡന്റ് അബ്ദുല്ല സാലിഹ് എല്ലാവരേയും തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും അത് സ്വീകരിക്കാന്‍ പ്രതിപക്ഷ കക്ഷികളായ ഇസ്‌ലാഹ് പാര്‍ടിയും സോഷ്യലിസ്റ്റ് നാസിരിസ്റ്റ് പാര്‍ട്ടിയും തയാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സന്‍ആ യൂനിവേഴ്‌സിറ്റി പരിസരത്തും സബ്ഈന്‍ സ്‌ക്വയറിലും നടന്ന പ്രകടനങ്ങള്‍ക്കിടയില്‍ ഇരുപക്ഷവും ഏറ്റുമുട്ടിയതില്‍ കുറഞ്ഞത് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രസിഡന്റ് സാലിഹ് ഈ മാസാവസാനം നടക്കേണ്ട അമേരിക്കന്‍ സന്ദര്‍ശനം മാറ്റി വെച്ചിട്ടുണ്ട്.
മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ആവശ്യപ്പെട്ട് ബസറ ഉള്‍പ്പെടെ പ്രമുഖ ഇറാഖി നഗരങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറി. കുര്‍ദു മേഖലയില്‍ പ്രകടനക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ യു.എസ് സൈന്യം ഇറാഖില്‍ നിന്ന് പിന്മാറുന്നതോടെ രാഷ്ട്രം അരാജകത്വത്തിലേക്ക് വഴുതി വീഴുമെന്ന് അമേരിക്കന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Discussion about this post