തിരുവനന്തപുരം: സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ നേത്യത്വത്തില്‍ നടപ്പാക്കുന്ന അനുയോജ്യ ഭൂവിനിയോഗ മാതൃക പദ്ധതിയുടെ ഉദ്ഘാടനം കഴക്കൂട്ടത്ത് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. ഭൂവിവര സംവിധാനത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി നഗരസഭയുടെ ഭാവി വികസനത്തിന് ഏറെ സഹായകരമാകുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായ ഭൂവിനിയോഗം, ജലവിഭവം തുടങ്ങിയവയുടെ അടിസ്ഥാന വിവരശേഖരണം ഉള്‍പ്പെടെ തയ്യാറാക്കുന്ന പദ്ധതി തിരുവനന്തപുരം നഗരസഭയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നതെന്നും സര്‍വേയുമായി എല്ലാവരും സഹകരിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന 100 വാര്‍ഡുകളില്‍ ശാസ്ത്രീയ വിവര ശേഖരണം, ഭൂപട നിര്‍മ്മാണം, വാര്‍ഡ്തല പരിശോധന തുടങ്ങിയ ഘട്ടങ്ങള്‍ക്കായി വ്യക്തമായ കര്‍മ്മപദ്ധതി തയാറാക്കിയതായി ഭൂവിനിയോഗ കമ്മീഷണര്‍ അറിയിച്ചു. നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന ഓരോ പ്രദേശത്തിനും ഇണങ്ങുന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക, ജൈവകൃഷി നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കുക, വെളളക്കെട്ട് പരിഹരിക്കുന്നതിനുളള ശാസ്ത്രീയ വിവരശേഖരം ലഭ്യമാക്കുക, തരിശുഭൂമി ഉപയോഗപ്രദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പദ്ധതി നടപ്പാക്കുന്നത്.
Discussion about this post