ന്യൂഡല്‍ഹി : അരുണാചലില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെയുള്ളവര്‍ പ്രാദേശിക പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് നബാം തുകി സര്‍ക്കാരിനെതിരെ വിമത നീക്കം നടന്നത്. തുക്കിയെ അംഗീകരിക്കാത്ത 29 കോണ്‍ഗ്രസ് എം എല്‍ എ മാര്‍ മുന്‍ ധനമന്ത്രി കലിഖോ പുളിന്റെ നേതൃത്വത്തില്‍ അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പ്രതിസന്ധി ഉടലെടുത്തതോടെ നബാം തുക്കി സര്‍ക്കാരിനെ പിരിച്ചുവിട്ടു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ കലിഖോപുള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
എന്നാല്‍ സര്‍ക്കാരിനെ പിരിച്ചു വിട്ട നടപടി സുപ്രീം കോടതി റദ്ദു ചെയ്തതോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നു. വിമത നീക്കം ഒഴിവാക്കാന്‍ തുക്കിയെ രാജി വയ്പ്പിച്ച് പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കിയിരുന്നു. തുടര്‍ന്ന് വിമത എം എല്‍ എ മാരും ഖണ്ഡുവിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ 45 എം എല്‍ എമാരില്‍ 44 പേരും പാര്‍ട്ടി വിട്ടുവെന്നാണ് വിവരം.
Discussion about this post