വാഷിംഗ്ടണ്‍: പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്ല് അവതരിപ്പിച്ചു. കാശ്മീരിലെ ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെയുളള ഈ നടപടി പാകിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതാണ്.
ടെക്‌സാസില്‍ നിന്നുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ടെഡ് പോയെ, കാലിഫോര്‍ണിയയില്‍ നിന്നുളള ഡെമോക്രാറ്റിക് അംഗം ഡാന റോറാബച്ചര്‍ എന്നിവരാണ് ബില്ല് അവതരിപ്പിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പാകിസ്ഥാന്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ഓഫ് ടെററിസം ഡെസിഗ്‌നേഷന്‍ ആക്ട് എന്ന ബില്ലില്‍ ആരോപിക്കുന്നു.
വിശ്വസിക്കാന്‍ കഴിയാത്ത സഖ്യകക്ഷിയാണ് പാകിസ്ഥാനെന്ന് ചൂണ്ടിക്കാട്ടുന്ന ബില്ലില്‍ അമേരിക്കയുടെ ശത്രുക്കള്‍ക്ക് എന്നും സഹായവും തുണയും നല്‍കുന്ന സമീപനമാണ് ഇസ്ലാമാബാദ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. ഹഖാനി ശൃംഖലയുമായി ഒസാമ ബിന്‍ ലാദന് ബന്ധം ്സ്ഥാപിക്കാന്‍ സൗകര്യമൊരുക്കിയതുള്‍പ്പെടെയുളള കാര്യങ്ങള്‍ ഇതിനെ സാധൂകരിക്കാന്‍ ബില്ലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ പാകിസ്ഥാന്‍ ഒരിക്കലും അമേരിക്കയുടെ നിലപാടിനൊപ്പമല്ലെന്നും മറിച്ച് പാകിസ്ഥാന്‍ ഏത് ഭാഗത്താണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ലഭ്യമാണെന്നും ബില്ലില്‍ പറയുന്നു.
അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാന് ലഭിച്ച കനത്ത തിരിച്ചടിയാണിത്. ബില്ല് അവതരിപ്പിച്ചെങ്കിലും തുടര്‍നടപടികള്‍ക്ക് ഇനിയും സമയമെടുക്കും. നടപടിക്രമം അനുസരിച്ച് അന്താരാഷ്ട്ര തീവ്രവാദത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ 90 ദിവസങ്ങള്‍ക്കുളളില്‍ റിപ്പോര്‍ട്ട് പുറത്തിറക്കണം. ഇതിന് പിന്നാലെ 30 ദിവസങ്ങള്‍ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിഷയത്തില്‍ തുടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിന് ശേഷമാകും ബില്ല് പാസാക്കാന്‍ കഴിയുക.
ഉറിയിലെ ഭീകരാക്രമണത്തെ അപലപിച്ച് യുഎസിലെ നിരവധി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് കോണ്‍ഗ്രസില്‍ ബില്ല് അവതരിപ്പിച്ചത്.
Discussion about this post