തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ പ്രത്യേക അളവിലുളള കാരിബാഗുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കവലകളില്‍ മാലിന്യം കുറയ്ക്കാന്‍ സഹായിച്ചതായി തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് തനതും നൂതനവുമായമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ശുചിത്വമിഷന്റെ സഹകരണത്തോടെ വി.ജെ.ടി ഹാളില്‍ നടത്തിയ ശാസ്ത്രീയമാലിന്യ പരിപാലനം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.
വീടുകളിലെത്തി മാലിന്യം ശേഖരിച്ചു തുടങ്ങിയതാണ് മാലിന്യം റോഡുകളിലെത്താന്‍ പ്രേരകമായത്. അതിനുമുമ്പ് അവ വീടുകളില്‍ തന്നെ സംസ്‌കരിച്ചിരുന്നു. ഇന്ന് മഴവെളളവും മാലിന്യവും റോഡിലേയ്ക്ക് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. വിളപ്പില്‍ശാല പ്ലാന്റിനെതിരെ തുടങ്ങിയ സമരം സംസ്ഥാനത്ത് ഒരിടത്തും സംസ്‌കരണ പ്ലാന്റ് തുടങ്ങാനാവാത്ത അവസ്ഥയുണ്ടാക്കി. ജയ്പൂരില്‍ മാലിന്യ സംസ്‌കരണത്തിന് മാതൃകാ പദ്ധതിയുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ അവിടെ നിന്ന് 12 കൗണ്‍സിലന്‍മാര്‍ തിരുവനന്തപുരത്ത് മാലിന്യസംസ്‌കരണ രീതി അന്വേഷിച്ച് എത്തിയിരുന്നതായും മേയര്‍ പറഞ്ഞു. ശുചിത്വശീലം ഉള്‍ക്കൊണ്ട് സമൂഹത്തില്‍ മാതൃകാ പ്രവര്‍ത്തനം നടത്താന്‍ വിദ്യാര്‍ത്ഥി സമൂഹം ശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.വാസുകി പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ ക്ലാസെടുത്തു. വിവിധതരം മാലിന്യ സംസ്‌കരണരീതികള്‍ വിവരിക്കുന്ന പ്രദര്‍ശനവും, മാത്യകകളും ഹാളില്‍ ഒരുക്കിയിരിക്കുന്നു. ഡയറക്ടര്‍ സി.വി.ജോയ് സ്വാഗതവും, ജില്ലാമിഷന്‍ കോഡിനേറ്റര്‍ അനീഷ് നന്ദിയും പറഞ്ഞു.
Discussion about this post