ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജമ്മു കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ക്കാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, രാജ്യത്തെ 22 വിമാനത്താവളങ്ങളിലും സുരക്ഷാ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി സൂചനകളുടെ അടിസ്ഥാനത്തില്‍ വ്യോമയാന മന്ത്രാലയം, സ്വകാര്യ വിമാന, പാരാമിലിട്ടറി വിഭാഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. ഭീകരര്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കൂടാതെ, വിമാനത്താവളങ്ങളിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നതു നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നിലവില്‍ സിഐഎസ്എഫിനാണ് വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല.
ഉറി ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നിയന്ത്രണ രേഖ മറികടന്നു ഭീകരക്യാമ്പുകള്‍ ആക്രമിച്ചശേഷം അതിര്‍ത്തിയില്‍ കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Discussion about this post