ന്യൂഡല്‍ഹി: പൊതുസ്വത്തും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നല്‍കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ ഉപയോഗിച്ചു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതും കമ്മീഷന്‍ വിലക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ചട്ടങ്ങള്‍ തയാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്മീഷന്‍ പുതിയ നിര്‍ദേശം നല്‍കിയത്.
നിയമം ലംഘിക്കുന്നത് കമ്മീഷന്റെ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതുപോലെ കണ്ടു നടപടിയെടുക്കുമെന്നു കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടിയുടെ പ്രചാരണത്തിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും മറ്റും ചര്‍ച്ചചെയ്ത ശേഷമാണു കമ്മീഷന്‍ ഇത്തരമൊരു നടപടിയെടുത്തത്. ചര്‍ച്ചയില്‍ ഈ നിര്‍ദേശത്തെ ഭൂരിഭാഗം പാര്‍ട്ടികളും സ്വാഗതം ചെയ്തതായി കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പൊതുമുതലോ പൊതുസംവിധാനങ്ങളോ പൊതുപണമോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിലോ നല്‍കരുതെന്നു ചൂണ്ടിക്കാട്ടി അതത് പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്.
Discussion about this post