ന്യൂഡല്‍ഹി: പാംപോറില്‍ ഭീകരാക്രമണം നടത്തിയ മുഴുവന്‍ ഭീകരരേയും സുരക്ഷാ സേന വധിച്ചു. ആക്രമണം നടത്തിയത് ലഷ്‌കറെ തൊയിബ ഭീകരരാണെന്ന് സൈന്യം വ്യക്തമാക്കി. മൂന്നു ദിവസത്തെ പ്രത്യാക്രമണം പൂര്‍ത്തിയാക്കിയത് പാരാ സെപെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളായിരുന്നു.
പാംപോരിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ 58 മണിക്കൂറോളം നീണ്ടു നിന്നു. 120ഓളം മുറികളുള്ള വലിയ കെട്ടിടത്തിലായിരുന്നു ഭീകരര്‍ പതുങ്ങിയിരുന്ന് ആക്രമണം അഴിച്ചുവിട്ടത്. ധൃതി പിടിച്ചുള്ള പ്രത്യാക്രമണത്തിനു മുതിരാതെ പരമാവധി നാശനഷ്ടങ്ങളും ആളപായവും ഒഴിവാക്കിക്കൊണ്ട് സൈനിക നടപടി പൂര്‍ത്തിയാക്കാനാണ് സുരക്ഷാസേന ശ്രമിച്ചത്. എന്നാല്‍ ആക്രമണം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ സൈന്യം അവസാന സൈനിക നീക്കത്തിനൊരുങ്ങി. ഇന്ന് പുലര്‍ച്ചെ മുതല്‍ ഭീകരരെ ലക്ഷ്യമിട്ട് സൈന്യം ഷെല്ലാക്രമണം നടത്തി. അതിനു ശേഷം ശേഷിക്കുന്ന ഒരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.
ലഷ്‌കറെ തൊയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവരില്‍ നിന്നും രണ്ട് എ.കെ.47 തോക്കടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായും മേജര്‍ ജനറല്‍ അശോക് നരുല അറിയിച്ചു.
കെട്ടിടത്തില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഉണ്ടായിരിക്കാമെന്നായിരുന്നു സൈന്യത്തിന്റെ നിഗമനം. തുടര്‍ന്ന് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോ സംഘം കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തിയശേഷമാണ് സൈനികനടപടി അവസാനിപ്പിച്ചത്.
Discussion about this post