പാലക്കാട്: കഞ്ചിക്കോട് പെപ്‌സികോ ഇന്‍ഡ്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ കരാര്‍ തൊഴിലാളി യൂനിയനുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നടത്തിവന്ന പണിമുടക്ക് സമരം പിന്‍വലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) ഡോ.ജി.എല്‍.മുരളീധരന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് കമ്പനിയിലെ കരാറുകാരുടെ 400 ഓളം തൊഴിലാളികള്‍ക്ക്, 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ശമ്പള കുടിശ്ശിക ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ശമ്പള വര്‍ധനവ്, ഷിഫ്റ്റ് അലവന്‍സ്, വാര്‍ഷിക ഇന്‍സെന്റീവ്, ബോണസ് എന്നിവയും ലഭിക്കും. കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനവും പുരോഗതിയും ലക്ഷ്യമാക്കി, മികച്ച തൊഴില്‍ സംസ്‌കാരം ഉറപ്പാക്കാനും ടോട്ടല്‍ പ്രൊഡക്ടിവിറ്റി മാനേജ്‌മെന്റ് നടപ്പിലാക്കാനും മാനെജ്‌മെന്റും തൊഴിലാളികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്ന് ഡോ.ജി.എല്‍.മുരളീധരന്‍ അറിയിച്ചു.
Discussion about this post