പത്തനംതിട്ട: ഇത്തവണത്തെ മണ്ഡലമകരവിളക്ക് സീസണ്‍ അവസാനിച്ചാലുടന്‍ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളും പ്രവൃത്തികളും ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരുക്കങ്ങളെല്ലാം അടുത്ത ഉത്സവകാലത്തിന് ഒരുമാസം മുന്‍പ് പൂര്‍ത്തിയാക്കും. ശബരിമല മണ്ഡലമകരവിളക്ക് മുന്നൊരുക്കം വിലയിരുത്തുന്നതിന് സന്നിധാനത്ത് നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ഏഴ് ആര്‍.ഒ പ്ലാന്റുകള്‍ സ്ഥാപിച്ച് 132 വിതരണ കേന്ദ്രങ്ങളിലൂടെ കുടിവെള്ളം നല്‍കും. ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണത്തിനായി 4.70 കോടി രൂപയുടെ പദ്ധതിക്കായി കരാര്‍ വച്ചിട്ടുണ്ട്. ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. പമ്പ മുതല്‍ സന്നിധാനം വരെ വഴിയോര കുടിവെള്ള കിയോസ്‌കുകള്‍ ഉണ്ടാകും. ചുക്കുവെള്ള വിതരണത്തിന് ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ഇവിടെ വിതരണം ചെയ്യുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തും. നേരത്തേ 200 മുതല്‍ 500 പേര്‍ക്കാണ് സന്നിധാനത്ത് ഒരു സമയത്ത് അന്നദാനം നല്‍കിയിരുന്നത്. പുതിയ സംവിധാനത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഒരേ സമയം ഭക്ഷണം നല്‍കാനാവും.
നവംബര്‍ 15ന് നട തുറക്കുന്നതിനു മുന്‍പ് 40 ലക്ഷം ടിന്‍ അരവണയും 40 ലക്ഷം പായ്ക്കറ്റ് അപ്പവും കരുതല്‍ ശേഖരമായി തയാറാക്കും. സന്നിധാനത്തെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പോരായ്മ ഉടന്‍ പരിഹരിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഉദ്യോഗസ്ഥര്‍ എസ്.റ്റി.പിയുടെ കരാറുകാരുമായി സംസാരിച്ച് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം.
മണ്ഡലകാലം ആരംഭിക്കുന്നതു മുതല്‍ വെടിവഴിപാട് നടത്താനാവശ്യമായ നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി എഡിഎം അനു എസ്.നായരെ ചുമതലപ്പെടുത്തി. സന്നിധാനത്തേക്കുള്ള ക്യൂ കോംപ്ലക്‌സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ അവലോകന യോഗത്തിനു ശേഷം എസ്.ടി.പിയുടെ കരാറുകാരനുമായും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനുമായും മന്ത്രി ചര്‍ച്ച നടത്തി.
തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, എഡിഎം അനു എസ്.നായര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post