മലപ്പുറം: കളക്ട്രേറ്റ് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന കോടതി കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറി. ഹോമിയോ ഡിഎംഒയുടെ കാറിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവം ആസുത്രിതമാണെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. പൊട്ടിത്തെറി നടന്ന കാറിന് പിന്നില്‍ നിന്നും ദിദ്രി സംഭവത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിനെ പിന്തുണയ്ക്കുന്ന കത്തും പെന്‍ഡ്രൈവും കണ്ടെത്തി. ദ് ബേസ് മൂവ്‌മെന്റ് എന്ന പേരിലാണ് കത്ത് പെട്ടിയിലാക്കി വച്ചിരുന്നത്. ദാദ്രി പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇത്തരം സ്‌ഫോടനങ്ങള്‍ വീണ്ടും നടക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.
കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ സമീപകാലത്തുണ്ടായ പൊട്ടിത്തെറിയുമായി ഈ സംഭവത്തിനും സാമ്യമുണ്ട്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Discussion about this post