ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്ക് തീരുമാനിച്ചു. അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവയാണു നിരക്കുകള്‍. സ്വര്‍ണത്തിന്റെ നിരക്ക് പിന്നീടു തീരുമാനിക്കും.
ആഡംബര കാറുകള്‍, സിഗററ്റ്, പുകയില ഉത്പന്നങ്ങള്‍, പാന്‍മസാല, കല്‍ക്കരി തുടങ്ങിയവയ്ക്ക് 28 ശതമാനം എന്ന ഉയര്‍ന്ന നിരക്കിനു പുറമേ സെസും ചുമത്തും. ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ഉദ്ദേശിച്ചാണു സെസ്. സെസില്‍നിന്നുള്ള വരുമാനം സംസ്ഥാനങ്ങള്‍ക്കു ജിഎസ്ടി മൂലം വരുന്ന നഷ്ടം നികത്താന്‍ ഉപയോഗിക്കും. സെസ് പിന്നീടു തീരുമാനിക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ധാരണ വെളിപ്പെടുത്തിയത്.
ഓരോ നിരക്കിലും ഏതെല്ലാം ഉത്പന്നങ്ങളും സേവനങ്ങളും വരുമെന്നതിന്റെ സമഗ്ര പട്ടിക പിന്നീടേ തയാറാക്കൂ. സംസ്ഥാന ധനമന്ത്രിമാരും അധ്യക്ഷനായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ദ്വിദിന യോഗം ഇന്നലെ തുടങ്ങി. ഇന്നു ചര്‍ച്ച തുടരും. സേവനനികുതി നല്കുന്നവരുടെ മേല്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം സംബന്ധിച്ച തര്‍ക്കത്തില്‍ ഇന്നു ധാരണ ഉണ്ടായേക്കും.
നികുതിഘടന സംബന്ധിച്ച ധാരണ ആയതോടെ ജിഎസ്ടി നിയമനിര്‍മാണത്തിന്റെ രണ്ടാംഘട്ടം തുടങ്ങാമെന്നായി. 16-നു ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അതിനു നടപടി എടുക്കും. കേന്ദ്രം പിരിക്കുന്ന നികുതിക്കുവേണ്ട സിജിഎസ്ടി നിയമവും സംസ്ഥാനാന്തര വ്യാപാരത്തില്‍ കേന്ദ്രം പിരിച്ചു സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) നിയമവും ആണു പാര്‍ലമെന്റ് പാസാക്കേണ്ടത്. സംസ്ഥാനങ്ങള്‍ തങ്ങളുടെ സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) നിയമനിര്‍മാണം നടത്തണം.
നേരത്തേ കേന്ദ്രം നിര്‍ദേശിച്ചത് 6, 12, 18, 26 ശതമാനങ്ങളിലുള്ള നികുതിഘടനയായിരുന്നു. കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന എതിര്‍പ്പാണു താഴ്ന്ന നിരക്ക് കുറച്ചു താഴ്ത്താനും കൂടിയ നിരക്ക് അല്‍പം ഉയര്‍ത്താനും വഴിയൊരുങ്ങിയത്.
Discussion about this post