ന്യൂഡല്‍ഹി: 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. പുതിയ 500, 2000 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങും. ഇന്നലെ രാത്രി രാഷ്ട്രത്തോടായി നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച അര്‍ധരാത്രി വരെ ആശുപത്രികള്‍, ഫാര്‍മസികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കും. രാജ്യത്തെ ബാങ്കുകള്‍ ഇന്നു പ്രവര്‍ത്തിച്ചില്ല. എടിഎമ്മുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ചെക്ക് കൈമാറ്റം, ഡിഡി കൈമാറ്റം, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇടപാട് എന്നിവ നടത്തുന്നതിന് തടസമില്ല. തിരിച്ചറിയല്‍ കാര്‍ഡുമായി ബാങ്കുകളിലും പോസ്റ്റ്ഓഫീസുകളിലും സമീപിച്ചാല്‍ കൈവശമുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം. കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉള്ള 500 രൂപ, 2000 രൂപ കറന്‍സികള്‍ ഉടന്‍ തന്നെ ഇറക്കും.
രാജ്യത്തെ സമ്പദ്ഘടനയെ ബാധിക്കുംവിധം വ്യാജനോട്ടുകള്‍ രാജ്യത്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്നു വ്യാജനോട്ടുകള്‍ എത്തിക്കുന്നതിനും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post