ബല്‍ഗാം: രാജ്യത്ത് നടപ്പിലാക്കുന്ന കറന്‍സി നിരോധനം ഒരു കാരണവശാലും നിരപരാധികളായ ജനങ്ങളെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റം ചെയ്തിട്ടുളളവര്‍ മാത്രമേ പുതിയ തീരുമാനത്തില്‍ ഭയപ്പെടേണ്ടതുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സര്‍ക്കാര്‍ നിരപരാധികളായ ജനങ്ങളെ പ്രതിസന്ധിയിലാക്കില്ല, അതേസമയം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുമില്ല. ഡിസംബര്‍ 30 വരെ ഈ പുതിയ ഉദ്യമത്തില്‍ നിങ്ങള്‍ എന്നോടു സഹകരിക്കണം. അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടക ലിംഗായത്ത് വിദ്യാഭ്യാസ സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷപരിപാടികളുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012, 2013 വര്‍ഷങ്ങളിലും 2014ന്റെ ആദ്യപകുതില്‍ പോലും അഴിമതികളുടെ വാര്‍ത്തകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഈ നവംബര്‍ എട്ടിനുശേഷം അവരുടെ അവസ്ഥയെന്തെന്ന് കാണുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നവംബര്‍ എട്ടിനു രാത്രി ഭാരതത്തിലെ പാവപ്പെട്ടവരും, സാധാരണക്കാരും സമാധാനമായുറങ്ങിയപ്പോള്‍ ഇവിടുത്തെ കളളപ്പണക്കാര്‍ ഉറക്കഗുളിക അന്വേഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യം വേദനയുളളതാണ്, എന്നാല്‍ വലിയ നേട്ടത്തിനുവേണ്ടിയാണ് രാജ്യം ഇന്നീ ബുദ്ധിമുട്ടനുഭവിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, 25 പൈസ നിരോധിച്ചപ്പോള്‍ അത് ഗംഗയില്‍ ഒഴുക്കാതിരുന്നവര്‍ ഇപ്പോള്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ ഗംഗാനദിയില്‍ നിക്ഷേപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. അഴിമതിക്കും, കളളപ്പണത്തിനുമെതിരായ പോരാട്ടം ഡിസംബര്‍ 30നു ശേഷവും താന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ, ഗോവയിലെ പനാജിയില്‍ നടന്ന ചടങ്ങില്‍, താന്‍ വീടും, കുടുംബവും എല്ലാം ഉപേക്ഷിച്ചത് രാജ്യസേവനം ചെയ്യുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞിരുന്നു.
Discussion about this post