തിരുവനന്തപും: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ മറവില്‍ സഹകരണ മേഖലയെ ശ്വാസംമുട്ടിക്കുകയാണ്. കേന്ദ്ര ധനകാര്യമന്ത്രിയെ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്ക് പിന്നീട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സഹകരണ ബാങ്കുകള്‍ക്ക് പണം മാറ്റിനല്‍കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് നാട്ടില്‍ സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ പാടില്ല. കള്ളപ്പണം ഉണ്ടെങ്കില്‍ നിയമപരമായ പരിശോധനകള്‍ നടത്തി അവ കണ്ടെത്തണം. അതിന് ആരും തടസമല്ല. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ തോട്ടം മേഖലയിലെ തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും ദുരിതത്തിലായി. തോട്ടം മേഖലയില്‍ കൂലി ലഭിക്കാതെ തൊഴിലാളികള്‍ പട്ടണിയിലാണ്. ഇവരുടെ ശമ്പളം തോട്ടം ഉടമകള്‍ ജില്ലാ കളക്ടര്‍മാക്ക് നല്‍കി കളക്ടര്‍ ശമ്പളം വിതരണം ചെയ്യുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുമെന്നും അത്തരം പ്രതിസന്ധി സംസ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post