പമ്പ: ശബരിമലയെയും പമ്പയെയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയില്‍ പങ്കാളികളായി ബോധവത്ക്കരണം നടത്താന്‍ വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങി. ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം പമ്പയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അധ്യക്ഷത വഹിച്ചു. ആദ്യ വിദ്യാര്‍ഥി സംഘത്തിന്റെ ഫ്‌ളാഗ് ഓഫ് എഡിഎം അനു എസ്.നായര്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സുധാകരന്‍, ഇന്ത്യന്‍ ഓയില്‍ ഡെപ്യുട്ടി മാനേജര്‍ രാജു ജോസഫ്, എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിജു, സൗഹൃദ ക്ലബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജയന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ സൗഹൃദ ക്ലബ്, എന്‍.എസ്.എസ് എന്നിവര്‍ പങ്കാളികളാകുന്നു.
എല്ലാ ദിവസവും 50 വിദ്യാര്‍ഥികള്‍ വീതം പമ്പയിലെത്തി പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരെ തീര്‍ഥാടകരെ ബോധവത്ക്കരിക്കും. ഇതിനായി പ്രത്യേക സ്റ്റാളുകളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും.
Discussion about this post